ലണ്ടനിലെ തിരക്കിട്ട ഔദ്യോഗിക വൃത്തിക്കിടയില്നിന്ന് സമയം കണ്ടെത്തി വസുദേവ് കൃഷ്ണ കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെത്തിയത്. തന്നെ അത്രകണ്ട് മോഹിപ്പിച്ച ഒരു പാട്ടുപാടന്‍ വേണ്ടിയായിരുന്നു ആ തിരക്കുപിടിച്ച യാത്ര. പ്രശസ്ത ഗായകന് പി. ഉണ്ണികൃഷ്ണന്റെ മകനാണ് വസുദേവ് കൃഷ്ണ.
ചെന്നൈയില്‍നിന്ന് ഇന്ന് രാവിലെ വിമാനമാര്‍ഗം അദ്ദേഹം കൊച്ചിയില്‍ എത്തി. നേരെ പനമ്പള്ളി നഗറിലുള്ള മൈ സ്റ്റുഡിയോയിലേയ്ക്ക്. അവിടെ അദ്ദേഹത്തെ കാത്ത് സംഗീത സംവിധായകരായ ബേണിയും (ബേണി ഇഗ്നേഷ്യസ്) മകന് ടാന്സനുമുണ്ടായിരുന്നു.
ബിനുന്‍ രാജ് സംവിധാനം ചെയ്ത ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിന്റെ സോങ് റിക്കോര്‍ഡിംഗിനുള്ള ഒരുക്കങ്ങള്‍ അപ്പോഴേയ്ക്കും പൂര്‍ത്തിയായിരുന്നു. കൈതപ്രം എഴുതിയ വരികള്‍ക്ക് ബേണിയും ടാന്സനും ചേര്‍ന്നാണ് ഈണം നല്‍കിയത്. ഒരുപക്ഷേ ഇന്ത്യന്‍ സംഗീതത്തില്തന്നെ അച്ഛനും മകനും ചേര്‍ന്ന് ഈണമിട്ട ആദ്യ ഗാനം കൂടിയായിരിക്കും ഇത്. ബേണിയെപ്പോലെതന്നെ പ്രതിഭാധനനായ സംഗീതജ്ഞനാണ് മകന് ടാന്സനും.
പാട്ടിന്റെ കംപോസിംഗ് നേരത്തെ കഴിഞ്ഞിരുന്നു. ഈ പാട്ട് ആരെക്കൊണ്ട് പാടിക്കണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍തന്നെ സംവിധായകന് ബിനുന്രാജിന് സംശയങ്ങള്‍ ഏതുമുണ്ടായിരുന്നില്ല. പുതുമയുള്ള ഒരു ശബ്ദം. അതാണ് അദ്ദേഹം തേടിക്കൊണ്ടിരുന്നത്. ആ അന്വേഷണമാണ് വസുദേവ് കൃഷ്ണയിലേയ്ക്ക് എത്തിച്ചത്. ബിനുന്‍ ബേണിയോട് കാര്യം പറഞ്ഞു. ബേണി ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ടു. പി. ഉണ്ണികൃഷ്ണന് ലണ്ടനിലുള്ള മകനെ വിളിച്ച് കാര്യം പറഞ്ഞു. ഡര്‍ബാറി കനഡ രാഗത്തില്‍ ചിട്ടപ്പെടുത്തിയ മനോഹരമായ ആ മെലഡി ഗാനം വസുദേവന് നന്നായി ഇഷ്ടപ്പെട്ടു. ആ പാട്ട് പാടാന്വേണ്ടിയാണ് അദ്ദേഹം തിരക്കിട്ട് ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്.
‘വസുദേവ് ഉണ്ണികൃഷ്ണന് ഗംഭീരമായിട്ടാണ് ആ ഗാനം പാടിയിരിക്കുന്നത്. വളരെ വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് വസുദേവ്. അത് തീര്‍ച്ചയായും നിങ്ങള്‍ക്കും ഇഷ്ടപ്പെടും.’ ബിനുന്‍രാജ് കാന്‍ ചാനലിനോട് പറഞ്ഞു.
നിത്യഹരിത നായകന് എന്ന ചിത്രത്തിനുശേഷം ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു വടക്കന്‍ തേരോട്ടം. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റും തൊട്ടുമുമ്പാണ് നടന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബിടെക് ബിരുദത്തിനുശേഷം ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയ നന്ദന് നാരായണന്റെ കഥയാണ് പറയുന്നത്. നന്ദന് നാരായണനെ അവതരിപ്പിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതുമുഖമായ ദില്‍ന രാമകൃഷ്ണനാണ് നായിക. മാളവികാമേനോനാണ് രണ്ടാമത്തെ നായിക. സുധീര്‍ പറവൂര്‍, ധര്മ്മജന് ബോല്‍ഗാട്ടി, വിജയ് കുമാര്‍, സലിം ഹസ്സന്, ദിലീപ് മേനോന്, കോഴിക്കോട് നാരായണന്‍നായര്‍, രാജേഷ് കേശവ്, ജിബിന്‍, ദിനീഷ് പണിക്കര്‍, സോഹന്‍ സീനുലാല്‍, കിരണ്‍കുമാര്‍, അംബികാ മോഹന്‍, പ്രിയാ പ്രീജിത്, ഗീതുനായര് തുടങ്ങി നിരവധി താരങ്ങളും ഭാഗമാകുന്നു.
ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം തനു അശോക്, ഛായാഗ്രാഹണം പവി കെ. പവന്.
Recent Comments