2020 മാർച്ചിനു ശേഷം എറണാകുളം മഹാരാജാസ് കോളേജിനു ഓട്ടോണമസ് പദവി യുജിസി നൽകിയിട്ടില്ലെന്ന് വ്യക്തമായതോടെ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലായി .സേവ് യൂണിവേഴ്സിറ്റി ക്യാപെയിൻ കമ്മിറ്റിയ്ക്ക് യുജിസിയിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകൾ ഇക്കാര്യം വെളിപ്പെടുത്തുന്നു.മഹാരാജാസ് കോളേജിനു 2020 മാർച്ച് വരെയാണ് ഓട്ടോണമസ് പദവി യുജിസി നൽകിയത്.അതിനു ശേഷം കോളേജ് നൽകിയ ബിരുദങ്ങൾ അസാധുവാകും
ഓട്ടോണമസ് പദവി തുടരുന്നതിനു കോളേജ് അധികൃതർ യഥാസമയം യുജിസി പോർട്ടലിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുയെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.2020 മാർച്ച് മുതൽ എറണാകുളം മഹാരാജാസ് കോളേജ് പ്രവർത്തിക്കുന്നത് യുജിസിയുടെ അംഗീകാരമില്ലാതെയാണ് .അതിനാൽ പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രം എം ജി യൂണിവേഴ്സിറ്റി 2020 മാർച്ചിനുശേഷം നൽകിയ ബിരുദങ്ങൾ അസാധുവാകുമെന്നാണ് വിദഗ്ദ്ധർ പറഞ്ഞത് .
മഹാരാജാസ് കോളേജിനു അഫിലേഷൻ നൽകിയ എംജി യൂണിവേഴ്സിറ്റിയും എറണാകുളം മഹാരാജാസും അംഗീകാരം നഷ്ടപ്പെട്ട വിവരം മറച്ചു പിടിച്ചത് പരീക്ഷ നടത്തിപ്പിൽ വ്യപകമായ കൃത്രിമത്വത്തിനു സഹായമായെന്നും ആരോപണം ഉണ്ട്.അതുകൊണ്ടാണ് ബിഎ പരീക്ഷ പാസാവാത്ത എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർക്ക് എം എ ക്ളാസിലേക്ക് പ്രവേശനം നൽകിയ സംഭവം നടന്നത്.
2014 ൽ യുഡിഎഫ് സർക്കാരാണ് എറണാകുളം മഹാരാജാസ് കോളേജിനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനും ഓട്ടോണമസ് പദവി നല്കാൻ തീരുമാനിച്ചത്.പരിശോധനയ്ക്ക് എത്തിയ യുജിസി സംഘത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു വിഭാഗം എസ്എഫ്ഐക്കാരും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതോടെ അവർ മടങ്ങിപ്പോയി .മഹാരാജാസിൽ പരിശോധന നടത്തി 2020 മാർച്ച് വരെ ഓട്ടോണമസ് പദവി നൽകി .ആദ്യം എസ്എഫ്ഐയും ഒരു വിഭാഗം അധ്യാപകരും എതിർത്തുയെങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ അവർ നിലപാട് മാറ്റി .അതോടെ കോളേജ് ഭരണത്തിലും പരീക്ഷ മൂല്യ നിർണയത്തിലും വിദ്യാർത്ഥികളുടെ ഇടപെടൽ ശക്തമായി..
മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായിരുന്നിട്ടും ഇക്കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.മഹാരാജാസിന് തുടർ അംഗീകാരം ഇല്ലെന്ന കാര്യം മറച്ചുപിടിച്ചാണ് എംജി യൂണിവേഴ്സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റുകൾ 2020 മാർച്ച് മുതൽ നൽകിയിട്ടുള്ളത്.ചോദ്യ കടലാസ് തയ്യാറാക്കുന്നതും പരീക്ഷ നടത്തിപ്പും മൂല്യ നിർണ്ണയവും പരീക്ഷ ഫല പ്രഖ്യാപനവും കോളേജിൽ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ദുരുപയോഗം ചെയ്തതായും ആക്ഷേപമുണ്ട്.
Recent Comments