പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉടലെടുത്ത ഭിന്നതയിൽ പ്രതികരിച്ച് പാലക്കാട് എം പി വികെ ശ്രീകണ്ഠൻ. ഡോ. പി സരിന് ഉണ്ടായ പ്രയാസം എന്താണെന്ന് തനിക്ക് അറിയില്ല. സരിൻ കോൺഗ്രസ് വിടുമെന്ന് താൻ കരുതുന്നില്ലെന്ന് വികെ ശ്രീകണ്ഠൻ എം പി പറഞ്ഞു. കടുത്ത കോൺഗ്രസുകാരൻ ആണ് സരിൻ. സ്ഥാനാർഥിത്വത്തിന്റെ പേരിൽ പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
ഒരാളുടെ ഭാഗത്തുനിന്നും ഇതുവരെ അത്യപ്തി ഉണ്ടായിട്ടില്ലെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. പാർട്ടി തീരുമാനമെടുത്താൽ എല്ലാവർക്കും ബാധകമാണ്. യുവാക്കൾക്ക് പാർട്ടി കൃത്യമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. വ്യക്തിക്കല്ല പ്രാധാന്യം കോൺഗ്രസ് പാർട്ടിക്കാണെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. പാർട്ടി തീരുമാനമെടുത്താൽ എല്ലാവരും അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയിലെ യുഡിഎഫ് സംവിധാനം രാഹുലിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് വികെ ശ്രീകണ്ഠൻ വ്യക്തമാക്കി. ആ കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. സരിൻ ഇന്ന് (ഒക്ടോബർ 16 ) വാർത്താ സമ്മേളനം വിളിച്ചത് രാഹുലിനെ വിജയിപ്പിക്കണമെന്ന് പറയാനാകുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവഗണിച്ചെന്നാണ് സരിന്റെ ആക്ഷേപം.
Recent Comments