ബൊഗെയ്ന്‍വില്ലയ്ക്ക് മുമ്പ് അമല്‍നീരദ് ജ്യോതിര്‍മയിയെ വച്ചൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നുവത്രെ. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അത് നടക്കാതെ പോവുകയായിരുന്നു. ജ്യോതിര്‍മയി തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ബൊഗെയ്ന്‍വില്ല കണ്ടുകഴിഞ്ഞപ്പോള്‍ ആ ചിത്രം സംഭവിക്കാതെ പോയത് എത്ര നന്നായി എന്നു തോന്നി. അല്ലായിരുന്നുവെങ്കില്‍ ബൊഗെയ്ന് വില്ലയിലെ ജ്യോതിര്‍മയിയുടെ മിന്നും പ്രകടനം കാണാനാകുമായിരുന്നില്ലല്ലോ. എന്തൊരു സൂക്ഷ്മത, എന്തൊരു ഭാവപ്രകടനങ്ങള്‍, എന്തൊരു ആറ്റിറ്റ്യൂഡ്. ബൊഗെയ്ന്‍വില്ലയിലെ സൂപ്പര്‍താരം ജ്യോതിര്‍മയി തന്നെ. വിവാഹത്തിനുശേഷം മലയാളസിനിമയില്‍നിന്ന് മാറിനിന്നത് തന്നിലെ പ്രതിഭയെ രാകി മിനുസ്സപ്പെടുത്താനുള്ള ഇടവേള മാത്രമായിരുന്നുവെന്ന് ബൊഗെയ്ന്‍വില്ലയിലെ പ്രകടനം ഓര്‍മ്മിപ്പിക്കുന്നു. ചിത്രത്തിലെ റീതു തോമസിനെ അഥവാ ഈസ്തര്‍ ഇമാനുവലിനെ അവതരിപ്പിക്കാന്‍ അമല്‍ കരുതിവച്ച വജ്രായുധം ആയിരുന്നു ജ്യോതിര്‍മയി.
ഇതുവരെ കാണാത്ത ചാക്കോ മാഷിനെ വേണം തനിക്കീ സിനിമയില്‍ വേണ്ടതെന്ന് അമല്‍ കുഞ്ചാക്കോ ബോബനോടും പറഞ്ഞുവത്രെ. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനുശേഷം ചാക്കോച്ചന് എന്ന അഭിനയപ്രതിഭയുടെ പരകായ പ്രവേശം കണ്ട ചിത്രം കൂടിയാണ് ബൊഗെയ്ന്‍വില്ല. ശാന്തതയില്‍നിന്ന് രൗദ്രതയിലേയ്ക്ക് ആളിപ്പടരുന്ന അഗ്നിയായി ചാക്കോച്ചന് മാറുന്നിടത്തുനിന്നാണ് ബൊഗെയ്ന്‍വില്ലയും ചടുലതാളം കൈവരിക്കുന്നത്. ഇനി എത്ര തീക്ഷ്ണമായ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോഴും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും ചാക്കോച്ചനെ ഓര്‍ക്കാതെ പോകാനാവില്ല.
ഒറ്റവരിയില്‍ ഒരു ത്രില്ലര്‍ ചിത്രമാണ് ബൊഗെയ്ന് വില്ല. തുടങ്ങി അവസാനിക്കുന്നതുവരെ അതിന്റെ പിരിമുറക്കം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന തരത്തിലാണ് കഥാഘടനയെ അമലും ലാജോജോസും ചേര്‍ന്ന് ഇഴചേര്‍ത്ത് വച്ചിരിക്കുന്നത്. അപസകര്പ്പക കഥകളില്‍ കാണുന്നതുപോലെ ടേണും ട്വിസ്റ്റുമൊന്നുമില്ല. ശാന്തമായ ഒഴുക്കാണ്. മഞ്ഞിന്റെ തണുപ്പുപോലെ സുഖദായകവും. മേക്കിംഗ് കൊണ്ട് അമല്‍ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല. ഓരോ ചിത്രങ്ങളിലും ആ ദൃശ്യവിസ്മയം നാം കണ്ടിട്ടുള്ളതാണ്. ഇത്തവണ ഛായാഗ്രഹണ ചുമതല ആനന്ദ് സി. ചന്ദ്രന് കൈമാറിഅമല് സംവിധായകനിലേക്ക് ചുരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി ബൊഗെയ്ന്‍വില്ല മാറുന്നു. ചിത്രത്തിലെ ഫ്ളാഷ് ബാക്കിലാണ് ഒരല്പ്പമെങ്കിലും ഏച്ചുകെട്ടല്‍ അനുഭവപ്പെടുന്നത്. അതുപക്ഷേ ചിത്രത്തിന്റെ ദൃശ്യപരതയില്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു.
ബൊഗെയ്ന്‍വില്ല ഒരു സ്ത്രീപക്ഷ സിനിമയാണോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. വര്‍ത്തമാന കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കും ചിലത് കാട്ടിത്തരാനുണ്ടെന്ന് ചിത്രം ഓര്‍മ്മപ്പെടുത്തുന്നു. തീയേറ്ററുകളില്‍നിന്ന് ഉയരുന്ന കൈയടി ആ നേരിന്റെ നേര്‍സാക്ഷ്യമാണ്.
Recent Comments