സോമദാസിനെ മലയാളികള്‍ക്ക് പരിചയം ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. വേറിട്ട ശബ്ദത്തിനുടമയായിരുന്നു സോമദാസ്. ചാത്തന്നൂരിലെ ഒരു സാധാരണ കുടുംബാംഗമായ സോമദാസിന് റിയാലിറ്റി ഷോ നല്കിയ സെലിബ്രിറ്റി സ്റ്റാറ്റസ് ചെറുതായിരുന്നില്ല. ഷോയില്‍നിന്ന് പുറത്തായതിനുശേഷവും അനവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ സോമദാസ് കലാരംഗത്ത് സജീവമായി തുടര്‍ന്നു.
ഇതിനിടെ വിവാഹിതനായി. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമായി. അമേരിക്കയിലെ ഒരു കലാപരിപാടിക്കായി പോയ സോമദാസ് അഞ്ച് വര്‍ഷത്തോളം അവിടെത്തന്നെ കഴിഞ്ഞുകൂടുകയായിരുന്നു. തിരിച്ചുവരവിലാണ് കുടുംബപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നത്. ആദ്യ ഭാര്യ വീടുവിട്ടുപോയി. സോമദാസ് വീണ്ടും വിവാഹിതനായി. അതിലും ഒരു പെണ്‍കുട്ടിയുണ്ട്.
ഇതിനിടയിലാണ് ഏഷ്യാനെറ്റിലെ ബിഗ്ബോസില്‍ ഒരു മത്സരാര്‍ത്ഥിയായി സോമദാസ് എത്തുന്നത്. ഉയര്‍ന്ന പ്രമേഹം സോമദാസിനെ വല്ലാതെ അലട്ടിയിരുന്ന നാളുകളായിരുന്നു അത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഇടയ്ക്ക് വച്ച് ഷോയില്‍നിന്ന് സോമദാസിനെ ഒഴിവാക്കേണ്ടിവന്നു.
ഒരു മാസം മുമ്പ് ഏഷ്യാനെറ്റിന്റെതന്നെ സ്റ്റാര്‍ട്ട് മ്യൂസിക് സംഗീത പരിപാടിയിലും സോമദാസ് പങ്കെടുത്തിരുന്നു. ബിഗ്ബോസിലെ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു അത്. അതിനിയും സംപ്രേക്ഷണം ചെയ്തിട്ടില്ല. അതായിരുന്നു സോമദാസ് ഏറ്റവും ഒടുവിലായി പങ്കെടുത്ത ടിവി പ്രോഗ്രാം. അതിനുശേഷം ബോയിംഗ് ബോയിംഗ് എന്ന വെബ് സീരിയസിനുവേണ്ടിയും പാടിയിരുന്നു.
അതിനുശേഷമാണ് അദ്ദേഹത്തിന് കോവിഡ് ബാധയുണ്ടാകുന്നത്. കടുത്ത പ്രമേഹം ഉണ്ടായിരുന്നതുകൊണ്ട് സോമദാസിന്റെ ആരോഗ്യസ്ഥിതിയെ അത് മോശമായി ബാധിക്കുകയായിരുന്നു. ആദ്യം ന്യൂമോണിയ. ന്യുമോണിയ കനത്തതോടെ രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചു. 15 ദിവസത്തോളം കോമാവസ്ഥയിലായിരുന്നു. ഇടയ്ക്ക് ബോധം തെളിയുകയും മറയുകയും ചെയ്തുപോന്നിരുന്ന ദിവസങ്ങള്‍. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 42 വയസ്സായിരുന്നു പ്രായം.
സോമദാസിന്റെ അപ്രതീക്ഷിത വിയോഗം മറ്റാരേക്കാളും വേദനിപ്പിച്ചത് അദ്ദേഹത്തിന്റെ സംഗീതത്തെ പ്രണയിച്ചവരാണ്. സോമദാസിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.
Recent Comments