കണ്ണൂര്‍ എഡിഎം ആയിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉയര്‍ത്തിയ വിവാദം കത്തിപ്പടരുമ്പോഴും മൗനം പാലിച്ച് റവന്യു വകുപ്പും സര്‍ക്കാരും. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീത 24 ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്ട്ടിന്മേല് റവന്യു പ്രിയന്സിപ്പല് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി മന്ത്രി കെ. രാജന് കൈമാറിയിട്ടുണ്ട്. നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം അറിയിക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, റവന്യു വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികള്‍ക്കും വിധേയമായേക്കാമെന്നതിനാല് റിപ്പോര്‍ട്ട് പുറത്തുവിടാനിടയില്ലെന്നാണ് ഔദ്യോഗിക തലത്തിലെ സൂചനകള്‍. യാത്രയയപ്പു യോഗവും പി.പി. ദിവ്യയുടെ പരാമര്‍ശങ്ങളും എഡിഎമ്മിന്റെ മരണവും അന്വേഷണ വിഷയമായതിനാലാണിത്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട ഫയല്‍ നീക്കങ്ങളില്‍ എഡിഎമ്മിന് ക്ലീന്‍ചീറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്കും കൈമാറിയേക്കും.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.പി. ദിവ്യയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനുള്ള അപേക്ഷ ഇന്ന് രാവിലെ അന്വേഷണ സംഘം കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കും. ദിവ്യയ്ക്കുവേണ്ടി കഴിഞ്ഞദിവസം ഫയല്‍ ചെയ്ത ജാമ്യഹര്‍ജി ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിക്ക് മുമ്പാകെ എത്തും. പോലീസ് റിപ്പോര്‍ട്ട് തേടിയ ശേഷമാകും വാദം കേള്‍ക്കാനുള്ള ദിവസം തീരുമാനിക്കുക. ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.
Recent Comments