തെലുങ്കാനയുടെ മണ്ണില്‍നിന്നും പുഷ്പരാജ് ലോകം മുഴുവനും ആഞ്ഞുവീശാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദ റൂളി’ന്റെ ആദ്യ പകുതിയുടെ ഡബ്ബിങിന് ശേഷം സംവിധായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ജിസ് ജോയ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. വര്‍ഷങ്ങളായി അല്ലു അര്ജുന് സിനിമകളുടെ മലയാളം പതിപ്പില്‍ അല്ലുവിന് സ്ഥിരമായി ഡബ്ബിങ് ചെയ്യുന്നത് ജിസ് ജോയ് ആണ്. ‘പുഷ്പ ദ റൈസി’ലും ജിസ് ജോയിയുടെ ഡബ്ബിങ് ശ്രദ്ധ നേടിയിരുന്നതാണ്.
”നിങ്ങളെപോലെ തന്നെ ‘പുഷ്പ 2′ വരാന്‍ കാത്തുകാത്തിരിക്കുയായിരുന്നു ഞാനും. ആ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. പുഷ്പ 2ന്റെ ഡബ്ബിങ് ഫസ്റ്റ് ഹാഫ് കഴിഞ്ഞു. ഇനി സെക്കന്‍ഡ് ഹാഫ് ഡബ്ബിങ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആരംഭിക്കാനിരിക്കുന്നത്. എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണല്‍ അവാര്‍ഡ് വിന്നര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ ഒട്ടേറെ മാസ്സ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസില്‍ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്ക്രീന്‍ പ്ലേ, നല്ല പാട്ടുകള്‍. രശ്മിക മന്ദാനയുടെ അഭിനയം, സുകുമാര്‍ സാറിന്റെ ഡയറക്ഷന്‍, മികവുറ്റ സിനിമാറ്റോഗ്രാഫി എല്ലാം എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിലൂടെ മുകേഷ് മേത്തയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സെക്കന്‍ഡ് ഹാഫ് ഡബ്ബിങിന് ശേഷം പുതിയ അപ്ഡേറ്റുമായി വീണ്ടും വരാം’, എന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്.
View this post on Instagram
മുമ്പ് പറഞ്ഞതിലും ഒരു ദിവസം നേരത്തെ റിലീസിനൊരുങ്ങുന്ന ‘പുഷ്പ ദ റൂള്‍’ ഡിസംബര്‍ 5 മുതല്‍ ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തും. കേരളക്കരയിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര് മേത്ത ഇതിനകം അറിയിച്ചിട്ടുണ്ട്. ലോകം മുഴുവനുമുള്ള തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന് സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്ജുന് ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീപ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടല്‍. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
Recent Comments