കുറച്ച് മണിക്കൂറുകള്‍ക്കുമുമ്പാണ് ഉണ്ണിമുകുന്ദന് തന്റെ ഫെയ്സ് ബുക്കില്‍ പൃഥ്വിരാജിനോടൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തത്. ഫോട്ടോയ്ക്ക് ചുവടെ ഹൃദയസ്പര്‍ശിയായ കുറെ വരികളും കുറിച്ചിരുന്നു.
ആ വരികളുടെ സാരാംശം ഇതാണ്. ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷമുള്ള ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉണ്ണി മുകുന്ദനും. ഓട്ടോറിക്ഷയിലായിരുന്നു വന്നിറങ്ങിയത്. മീറ്റിംഗ് വളരെ വൈകി അവസാനിച്ച് എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് മാത്രമാണ് ഒരു ലിഫ്റ്റ് തരാമെന്ന് പറഞ്ഞത്. സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിച്ച് സന്തോഷത്തോടെ ഉണ്ണി വീട്ടിലേയ്ക്ക് നടന്നുപോയി.
ആ ഓര്‍മ്മകള്‍ ഉണ്ണിയില്നിന്നുതന്നെ നേരിട്ട് അറിയാനാണ് വിളിച്ചത്.
ഹൃദയം തുറന്ന ചിരിയോടെയാണ് ഉണ്ണി തുടങ്ങിയത്.
‘ഭ്രമത്തിന്റെ സെറ്റില്‍ (പൃഥ്വിരാജിനെ നായകനാക്കി രവി കെ. ചന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം) ഞാന്‍ ജോയിന്‍ ചെയ്തത് ഇന്നാണ്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാനും രാജുവേട്ടനും ഏറെ സംസാരിച്ചിരുന്നു. പിരിയാന്നേരം ഞങ്ങളെ രണ്ടുപേരെയും ചേര്‍ത്ത് എന്റെ സുഹൃത്ത് ഒരു ഫോട്ടോയെടുത്തു. അതെന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ് ഞങ്ങള്‍ ഒരുമിച്ചൊരു പടം ഇന്നേവരെ എടുത്തിട്ടില്ലോ എന്നോര്‍ത്തത്. പക്ഷേ പഴയ ഒരു ഓര്‍മ്മ എന്റെ മനസ്സിലേക്ക് അപ്പോള്‍ ഓടിയെത്തി. അത് കുറിക്കണമെന്ന് തോന്നി.’
‘പത്ത് വര്‍ഷം മുമ്പാണ്. ഓര്‍ക്കാന്‍ കാരണമുണ്ട്. ഞാന്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ ആകുകയാണ്. എന്റെ ആദ്യചിത്രം ബോംബൈ മാര്‍ച്ച് 12 ഇറങ്ങിയ സമയം. മമ്മൂക്കയോടൊപ്പം ഒരു സിനിമയില്‍ അഭിനയിച്ചുവെന്നതിനപ്പുറം ഒരു മഹത്വവും എനിക്കില്ലാതിരുന്നിട്ടും ആ കെയറോഫിലാണ് താരങ്ങളുടെ ക്രിക്കറ്റ് കൂട്ടായ്മയിലേയ്ക്ക് എനിക്കും ക്ഷണമുണ്ടാകുന്നത്. ചാക്കോച്ചനും ഇന്ദ്രേട്ടനും നിഖിലേട്ടനും രാജുവേട്ടനും സൈജുവേട്ടനും വിനുമോഹനും അങ്ങനെ ഒരുപാട് പേര് ടീം അംഗങ്ങളായുണ്ടായിരുന്നു. അതിലൊരാളായിരുന്നു ഞാനും. അന്നത്തെ കളി കഴിഞ്ഞ് ഒരു പാര്‍ട്ടി വച്ചിരുന്നു. പനമ്പള്ളി നഗറിലുള്ള സൈജുവേട്ടന്റെ ഓഫീസില്‍ വച്ചാണെന്നാണെന്റെ ഓര്‍മ്മ. അെന്നനിക്ക് സ്വന്തമായി വണ്ടികളൊന്നും ഉണ്ടായിരുന്നില്ല. ആട്ടോറിക്ഷ പിടിച്ചാണ് വന്നത്. എല്ലാവരും അന്നവിടെ ഉണ്ടായിരുന്നു. ഏറെ നേരം സംസാരിച്ചിരുന്നു. ഒരു മൂലയില്‍ എല്ലാം കേട്ടുകൊണ്ട് ഞാനും ഇരിപ്പുണ്ടായിരുന്നു. മീറ്റിംഗ് വളരെ വൈകിയാണ് അവസാനിച്ചത്. ഓരോരുത്തരായി ഇറങ്ങി. ഞാനും രാജുവേട്ടനും മാത്രമായി. അര്‍ദ്ധരാത്രിയില്‍ വണ്ടി കിട്ടുമെന്നുറപ്പില്ല. എന്തുചെയ്യണമെന്നറിയാതെ ആലോചിച്ച് നില്‍ക്കുമ്പോഴാണ് രാജുവേട്ടന് ക്ഷണിച്ചത്. എവിടെയാണ് വിടേണ്ടത്? വളരെ വൈകിയതുകൊണ്ട് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. കുഴപ്പമില്ല ഞാന്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി. ആ പാതിരാത്രി നടന്നാണ് ഞാന്‍ താമസിച്ചിരുന്ന തേവരയിലുള്ള വീട്ടിലെത്തിയത്. എന്റെ കാഴ്ചപ്പാടില്‍ രാജുവേട്ടന് അന്ന് സ്റ്റാറാണ്. അങ്ങനെയൊരാള്‍ എന്നോട് സംസാരിക്കുകയും, എനിക്ക് ലിഫ്റ്റ് തരാമെന്ന് പറയുകയും ചെയ്തത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിമിഷമാണ്. അതുകൊണ്ടത് കുറിക്കണമെന്ന് തോന്നി.’
‘മല്ലുസിംഗില് അഭിനയിച്ച് അത് സൂപ്പര്‍ ഹിറ്റാണെന്ന വിവരം അറിയുന്ന ദിവസം ഞാന്‍ തൃശൂരില്‍ വന്നിറങ്ങിയത് കെ.എസ്.ആര്.ടി.സി ബസിലാണ്. തുടക്കകാരനെന്ന നിലയില്‍ സിനിമയില്‍ അത്രയൊന്നും പ്രതിഫലം കിട്ടാതിരുന്ന കാലമായിരുന്നു അത്. പിന്നീട് വലിയ സൗഭാഗ്യമാണ് എനിക്ക് സിനിമ സമ്മാനിച്ചത്. അപ്പോഴും പഴയ ഓര്‍മ്മകള്‍ എനിക്ക് കൈവിടാനായില്ല. കാരണം എന്നെ ഇവിടെവരെ എത്തിച്ചത് അത്തരം കഷ്ടപാടുകള്‍ നിറഞ്ഞ ഭൂതകാലം കൂടിയായിരുന്നു.’ ഉണ്ണി പറഞ്ഞുനിര്‍ത്തി.
Recent Comments