രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ആര്.ആര്.ആര്. ചിത്രത്തില്‍നിന്ന് മറ്റൊരു താരത്തെ സംവിധായകന് രാജമൗലി വെട്ടിമാറ്റിയതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. തെലുങ്കുതാരം സത്യദേവിന്റെ രംഗങ്ങളാണ് വെട്ടിമാറ്റിയത്. ഇക്കാര്യം സത്യദേവ് തന്നെയാണ് വെളിപ്പെടുത്തിയത്.
‘ആര്.ആര്.ആറില്‍ ഞാന്‍ ഉണ്ടായിരുന്ന കാര്യം ആരും മനസ്സിലാക്കിയിട്ടുണ്ടാകില്ല. ശരിക്കും ആര്.ആര്.ആര് ടീം അല്ലാതെ മറ്റാരും ഞാന്‍ ഉണ്ടാത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ഏകദേശം പതിനാറ് ദിവസത്തോളം ചിത്രീകരിച്ചിരുന്നു. പക്ഷേ ആ കഥയുമായി എന്റെ ഭാഗങ്ങള്‍ ചേരില്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും. രാജമൗലി അത് ഫൈനല്‍ എഡിറ്റില്‍ ചിത്രത്തില്‍നിന്ന് മാറ്റുകയായിരുന്നു. എനിക്ക് അതില്‍ ഒരു പരാതിയുമില്ല. ആര്.ആര്.ആറിലെ ആ ഭാഗം വെട്ടിമാറ്റുമെന്ന് താന്‍ മനസ്സിലാക്കയിരുന്നു. ഏകദേശം നാല് മണിക്കൂറോളം ആര്.ആര്.ആര് സിനിമ രാജമൗലി ചിത്രീകരിച്ചിരുന്നുവെന്നും സത്യദേവ് വ്യക്തമാക്കുന്നു. സിനിമ മികച്ചതാകുന്നതിന് ചിത്രത്തിലെ പല രംഗങ്ങളും രാജമൗലി വെട്ടിമാറ്റുകയായിരുന്നു.’ സത്യദേവ് സൂചിപ്പിച്ചു.
അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ് ഡൂഡി തുടങ്ങിയ താരങ്ങളാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജമൗലിയുടെ അച്ഛന് കെ.വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. 1920 കള്‍ പശ്ചാത്തലമായ ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് പറയുന്നത്. ഡിവിവ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം 1200 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരുന്നു.
Recent Comments