ഇ പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇപി ജയരാജന് പങ്കെടുക്കുന്നത്. പുതിയ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ പി ജയരാജന് പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിച്ചേക്കും.
തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഇ പി ജയരാജനെതിരെ കടുത്ത നടപടി വേണമെന്ന് ചില നേതാക്കള്‍ ഇന്നത്തെ സെക്രട്ടറിയേറ്റില്‍ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഇ പി ജയരാജന് ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്നും അതിനുവേണ്ടി ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രനുമായും പ്രകാശ് ജാവേദ്ക്കറുമായി ഇ പി ജയരാജന് കൂടിക്കാഴ്ച നടത്തിയ സംഭവം വിവാദമായത്. ലോകസഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാവായ പ്രകാശ് ജാവേദ്ക്കര്‍ തന്റെ വീട്ടില്‍ വന്നുയെന്നും ചായ കുടിച്ചെന്നും ഇ പി സമ്മതിച്ചതോടെ സിപിഎം വെട്ടിലായി. ഇത് ലോകസഭാ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. ഇപ്പോള്‍ ഉപതെരെഞ്ഞെടുപ്പില്‍ ഇ പിയുടെ ആത്മകഥയാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്.
അതേസമയം ആത്മകഥ വിവാദ വിഷയത്തില്‍ പാര്‍ട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം. ഡി സി ബുക്സുമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്ന് പരസ്യമായി പറയുന്ന ഇ.പി ജയരാജന് പാര്‍ട്ടിക്ക് മുന്നില്‍ എന്ത് വിശദീകരിക്കുമെന്നത് പ്രധാനമാണ്.
നേരത്തെ, വ്യാഴാഴ്ച പാലക്കാട് പ്രചാരണത്തിനെത്തിയ ഇപി ജയരാജന് പുറത്തുവന്നത് തന്റെ ആത്മകഥയല്ലെന്ന് വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഡിസി ബുക്സുമായി ഒരുകരാറിലും താന്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ജയരാജന്, തിരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദത്തില്‍ പിന്നില്‍ കൃത്യമായ ഗൂഡാലോചന ഉണ്ടായിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.
ഡിസിയക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആവര്‍ത്തിച്ച് ജയരാജന് ആത്മകഥയെന്ന് പേരില്‍ ഫെയ്സ് ബുക്കില്‍ വന്ന് ടാഗിന് താന്‍ ഉത്തരവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചേലക്കര വയനാട് ഉപതിരഞ്ഞെടുപ്പുകളുടെ വിലയിരുത്തലുകളും യോഗത്തില്‍ ഉണ്ടാകും. ചേലക്കരയില്‍ വിജയിക്കും എന്നാണ് തൃശ്ശൂര്‍ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വയനാട് പോളിങ് ശതമാനത്തില്‍ ഉണ്ടായ കുറവും സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും.
Recent Comments