അല്‍പ്പം മുമ്പാണ് സംവിധായകന് ഫാസില്‍ ബറോസിന്റെ പ്രദര്‍ശനത്തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു ലഘുവീഡിയോയിലൂടെയായിരുന്നു പ്രഖ്യാപനം. അതില്‍ അദ്ദേഹം ചില നിമിത്തങ്ങളെക്കുറിച്ചും ദൈവകടാക്ഷത്തെക്കുറിച്ചും ഒക്കെ പരാമര്‍ശിക്കുന്നുണ്ട്.
‘കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ എന്നെ വിളിക്കുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രദര്‍ശനത്തീയതി പ്രഖ്യാപിക്കാമോ എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ കോള്‍. എന്നാണ് റിലീസ് ഡേറ്റ് എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ ഞാന്‍ ആകെ അമ്പരന്നുപോയി. അതിന്റെ കാരണം മറ്റൊന്നുമല്ല. 44 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രദര്‍ശനത്തിനെത്തിയ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ എന്ന ഇന്നത്തെ സൂപ്പര്‍താരം ജനിക്കുന്നത്. അന്നത് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. കലാമൂല്യവും ജനപ്രീതി നിറഞ്ഞ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അതിനുശേഷം മോഹന്‍ലാല്‍ അഭിനയിച്ച മറ്റൊരു ചിത്രവും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുകയും ചെയ്തു. ആ ചിത്രത്തിനും കലാമൂല്യവും ജനപ്രീതിയുമുള്ള പുരസ്കാരങ്ങള്‍ ദേശീയ തലത്തില്‍നിന്നും സംസ്ഥാന തലത്തില്‍നിന്നും ലഭിച്ചു. മണിച്ചിത്രത്താഴായിരുന്നു ആ ചിത്രം. ആകസ്മികമെന്ന് പറയട്ടെ മഞ്ഞില്‍വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഡിസംബര്‍ 25 നായിരുന്നു. ബറോസിന്റെയും റിലീസ് തീയതിയും ഡിസംബര്‍ 25 നാണ്. അത് അനൗണ്‍സ് ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ആ രണ്ട് ചിത്രങ്ങളുടെ സംവിധായകനെയും. ഇതൊരു നിയോഗം അല്ലെങ്കില്‍ മറ്റെന്താണ്. ഇതൊരു ഗുരുകൃപയാണ്, ദൈവനിശ്ചയമാണ്. മഞ്ഞില്‍വിരിഞ്ഞ പൂക്കളിനും മണിച്ചിത്രത്താഴിനും മുകളില്‍ ബറോസ് വന്‍വിജയം നേടട്ടേയെന്നും പ്രാര്‍ത്ഥിക്കുന്നു’ ഫാസില്‍ പറഞ്ഞു.
700 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവിലാണ് ബറോസ് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ പ്രീമിയര്‍ ഷോ ദുബായില്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ട്രെയിലറും തീയേറ്ററുകളില്‍ എത്തി. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് വര്‍ദ്ധിക്കുന്നതിനിടെയാണ് ഔദ്യോഗികമായി റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ഫാസിലിന്റെ വീഡിയോയും പുറത്തു വന്നിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് തീയതിയെ സംബന്ധിച്ച് മുന്ധാരണകളൊന്നും ഇല്ലാതെയാണ് തീരുമാനിച്ചതെങ്കിലും ഇങ്ങനെയൊരു നിയോഗം ആ റിലീസ് തീയതിക്ക് പിന്നിലുണ്ടെന്നത് ഫാസില്‍ പറഞ്ഞശേഷം മാത്രമാണ് മോഹന്‍ലാലും അറിഞ്ഞത്. മോഹന്‍ലാല്‍ ഈ വിവരം സുചിത്രയെയും ആന്റണി പെരുമ്പാവൂരിനെയും വിളിച്ചറിയിച്ചു. സന്തോഷം പങ്കുവച്ചുകൊണ്ട് ആന്റണിയും ഫാസിലിനെ വിളിച്ചിരുന്നു.
Recent Comments