കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയതായി സംശയം
കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി (48)യാണ് കൊല്ലപ്പെട്ടത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ കൊന്നു കുഴിച്ചു മൂടിയെന്ന് ജയന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സ്വന്തം വീടിന് അടുത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം കുഴിച്ചു മൂടിയെന്നാണ് ജയന്ദ്രൻ പോലീസിനോട് പറഞ്ഞത് . ഇതനുസരിച്ച് അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നതായാണ് വിവരം. മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജയചന്ദ്രൻ മൊഴി നൽകിയതായി റിപ്പോർട്ട് ചെയ്യുന്നു.
വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുവാണ് പോലീസിൽ പരാതി നൽകിയത്. വിജയലക്ഷ്മിയുടെ ഫോൺ ജയചന്ദ്രൻ ബസിൽ ഉപേക്ഷിച്ചതാണ് പോലീസ് സംശയത്തിന് ഇടയാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫായ നിലയിൽ കെഎസ്ആർടിസി ബസിൽനിന്നാണ് കണ്ടെത്തിയത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ടവർ ലൊക്കേഷൻ, കോൾ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽനിന്നാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയത്.
വിജയലക്ഷ്മി തീർത്ഥാടനത്തിന് പോയെന്നായിരുന്നു കരുതിയതെന്ന് സഹോദരൻ കൃഷ്ണ സിങ് പറഞ്ഞു. വിജയലക്ഷ്മി വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കൊല്ലപ്പെട്ടെന്ന വിവരം പോലീസ് രാവിലെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.
the woman who went missing from Karunagappalli was killed and buried in Ambalapuzha
Recent Comments