ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു ഞാന്‍. അല്‍പ്പം വൈകിയാണ് മടങ്ങിയെത്തിയത്. ഫോണില്‍ നിരവധി മിസ്ഡ് കോളുകള്‍. തിരിച്ചു വിളിച്ചപ്പോഴാണ് മേഘനാഥന്റെ വിയോഗവാര്‍ത്ത അറിയുന്നത്. മേഘന് ഇപ്പോള്‍ നമ്മളോടൊപ്പമില്ലെന്ന തിരിച്ചറിവ് ഏറെ വേദന ഉണ്ടാക്കുന്നതായിരുന്നു. ആ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ അപ്പോള്‍ കഴിയുമായിരുന്നുള്ളൂ.
മേഘനാഥനുമായി നീണ്ട നാളത്തെ പരിചയമൊന്നും എനിക്കില്ല. നാനയിലായിരുന്ന സമയത്ത് മഹിളാരത്നത്തിനുവേണ്ടി ഒരു കവര്‍ സ്റ്റോറി തയ്യാറാക്കാന്‍ ചെന്നത് മുതല്ക്കാണ് ആ സൗഹൃദം കനപ്പെടുന്നത്. മേഘനും ഭാര്യ സുസ്മിതയും മകള്‍ പാര്‍വ്വതിയും ഒന്നിച്ചുള്ള ഒരു അപൂര്‍വ്വ അഭിമുഖം. അതിനു മുമ്പ് അദ്ദേഹം കുടുംബത്തോടൊപ്പം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാലത്താണ് എന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മേഘന് അതിന് തയ്യാറായത്. കോഴിക്കോട് സരോവരം ഗാര്‍ഡനില്‍ വച്ചായിരുന്നു അഭിമുഖം. ദീര്‍ഘനേരം ഞങ്ങളുടെ സംസാരം നീണ്ടു. പല ദുഃഖങ്ങളും അദ്ദേഹം ഉള്ളില്‍ ഒതുക്കിയിരുന്നുവെന്ന് അന്ന് വ്യക്തമായി. അതിലൊന്ന് അച്ഛന്റെ വേദനാപൂര്‍വ്വമായ അവസാനനാളുകളായിരുന്നു. തിരശ്ശീലയിലെ ഏറ്റവും ശക്തനായ വില്ലന്റെ തകര്‍ന്നു പോയ ജീവിതാനുഭവങ്ങള്‍ മേഘനാഥന് വിവരിക്കുമ്പോള്‍ ഉള്ളൊന്ന് പിടഞ്ഞിരുന്നു.
സിനിമ മേഘനാഥനെ അധികമായി മോഹിപ്പിച്ചതായി തോന്നിയിട്ടില്ല. കിട്ടുന്ന വേഷങ്ങളില്‍ അദ്ദേഹം തൃപ്തനുമായിരുന്നു. പുറമെ ഒരു പരുക്കന്‍ ഭാവം പ്രകടമായിരുന്നെങ്കിലും ഉള്ളുകൊണ്ട് അദ്ദേഹം ശുദ്ധനായിരുന്നു. സൗഹൃദങ്ങളെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ മേഘന് കഴിഞ്ഞിരുന്നു. ഒന്നിനോടും കലഹിക്കാനോ, തന്റെ ആവശ്യങ്ങള്‍ അറിയിക്കാനോ അദ്ദേഹം മെനക്കെട്ടിരുന്നില്ല. ഈ അന്തര്‍മുഖത്വം സിനിമയില്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തി.
കൃഷിയായിരുന്നു സിനിമാഭിനയത്തേക്കാളും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന തൊഴിലിടം. ഞാനൊരു നല്ല കര്‍ഷകനാണെന്ന് അദ്ദേഹം പലയാവര്‍ത്തി തുറന്നു പറഞ്ഞിട്ടുണ്ട്. ഷൊര്‍ണൂരിലെ കൃഷിയിടങ്ങളില്‍ അദ്ദേഹം നന്നായി വിയര്‍ത്ത് പണിയെടുത്തതിന്റെ ഫലഭൂയിഷ്ടത മേഘന് ഞങ്ങളെ നേരില്‍ കാട്ടിത്തന്നിട്ടുണ്ട്. സിനിമയില്ലെങ്കില്‍ കൃഷിചെയ്ത് ജീവിക്കും എന്ന ഉറച്ച തന്റേടമുണ്ടായിരുന്നു ആ മനസ്സിന്.
ഏറ്റവും ഒടുവില്‍ അനുജന് അജയ് കുമാര്‍ മരണപ്പെട്ട ദിവസമാണ് മേഘനാഥനെ വിളിക്കുന്നത്. അനുജന്റെ വിയോഗത്തില്‍ ഏറെ ദുഃഖിതനായിരുന്നു. പക്ഷേ, അപ്പോഴും തന്നെ വേട്ടയാടിയിരുന്ന അസുഖത്തെക്കുറിച്ച് അദ്ദേഹം ബോധപൂര്‍വ്വം മറച്ചുവച്ചു. മെലിഞ്ഞുണങ്ങിയ ഒരു ശരീരപ്രകൃതിയില്‍ മേഘനെ കണ്ടപ്പോള്‍ എന്ത് പറ്റിയെന്ന് ഞാനും ചോദിച്ചിരുന്നു. അന്നും അദ്ദേഹം ഒന്നും പറഞ്ഞില്ല. ഒരു ചിരി മാത്രമായിരുന്നു മറുപടി. പിന്നീടെപ്പോഴോ അദ്ദേഹത്തിന് കാന്‍സര്‍ ആണെന്ന സ്ഥിതീകരിക്കാത്ത വിവരം അറിഞ്ഞപ്പോഴും അത് വിളിച്ചന്വേഷിക്കാന്‍ തോന്നിയില്ല. മറ്റുള്ളവരോട് തുറന്നുപറയാന്‍ കഴിയാത്തതിന്റെ വിഷമത്തിന്റെ ആഴം വീണ്ടും കൂട്ടരുതെന്നേ കരുതിയുള്ളൂ.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മേഘന് ചികിത്സയിലാണെന്ന വിവരം ഇന്ന് രാവിലെ മാത്രമാണ് അറിഞ്ഞത്. കഠിനമായ കുറ്റബോധം തോന്നി. സൗഹൃദങ്ങള്‍ക്കിടയിലുണ്ടായ ആ വിടവിന് ഇത്രയേറെ ഹൃദയഭാരം സൃഷ്ടിക്കാനാകുമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആരോടും പരിഭവമില്ലാത്ത ആരെയും വേദനിപ്പിക്കാന്‍ ഒരുക്കമല്ലായിരുന്ന ആ നല്ല സുഹൃത്തിന് ഒരിക്കല്‍കൂടി അന്ത്യപ്രണാമം നേരുന്നു.
Recent Comments