നടന് ടൊവിനോയുടെ ഇടതുവശം ചേര്‍ന്ന് ളോഹയും ഓവര്‍കോട്ടും ധരിച്ചു നില്ക്കുന്ന വൈദികനെ നിങ്ങള്‍ക്ക് മനസ്സിലായോ? ടൊവിനോയ്ക്കൊപ്പം അഭിനയിക്കുന്ന ഏതെങ്കിലും ആര്‍ട്ടിസ്റ്റല്ല അത്. പ്രശസ്ത സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ പിതാവാണ്. ഫാദര്‍ ജോസഫ് പള്ളിപ്പാട്ട്. യാക്കോബാ സഭയിലെ ഒരു വൈദികനാണ് ഫാദര്‍ ജോസഫ് പള്ളിപ്പാട്ട്. മൂവാറ്റുപ്പുഴ സ്വദേശികളാണെങ്കിലും കഴിഞ്ഞ അന്‍പത് കൊല്ലമായി വയനാട്ടിലാണ് ഫാദര്‍ ജോസഫ് പള്ളിപ്പാട്ടും കുടുംബവും താമസിക്കുന്നത്. ഇവിടുത്തെ ഒരു ഇടവകയിലെ വൈദികനുമാണ്.
കഴിഞ്ഞ ദിവസം അദ്ദേഹം പതിവുപോലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള ടൗണ്‍ പള്ളിയില്‍ എത്തി. ഫാദറിന്റെ ഇടവക പള്ളി കൂടിയാണ് അത്. അവിടെവച്ചാണ് അദ്ദേഹം പൗലോസ് കുറുമറ്റെത്ത കണ്ടത്. പൗലോസ് മലയാള സിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരില്‍ ഒരാളാണ്. ഫാദര്‍ ജോസഫിന്റെയും പൗലോസിന്റെയും കുടുംബങ്ങള്‍ തമ്മിലും ദീര്‍ഘകാലത്തെ പരിചയവും സൗഹൃദവുമുണ്ട്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ടൊവിനോ വയനാട്ടില്‍ എത്തിയപ്പോള്‍ അദ്ദേഹം ഫാദര്‍ ജോസഫ് പള്ളിപ്പാട്ടിനെ വിളിച്ചിരുന്നു. ബേസില്‍ ജോസഫുമായുള്ള അടുത്ത സൗഹൃദം ആ കുടുംബവുമായിട്ടും ടൊവിനോയ്ക്കുണ്ട്. ടൊവിനോ എത്തിയ സ്ഥിതിക്ക് അവിടംവരെ പോകണമെന്നും ഒപ്പം വരണമെന്നും ഫാദര്‍ പൗലോസിനോട് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഇരുവരും കൊളകപ്പാറയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി. ഫാദര്‍ ജോസഫ് എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് ടൊവിനോ ഓടിയെത്തി. ഇരുവരും വിശേഷങ്ങള്‍ പങ്കുവച്ചു. കുശലാന്വേഷങ്ങള്ക്കൊടുവില് ടൊവിനോയെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാനും അദ്ദേഹം ക്ഷണിച്ചു. യാത്ര പറഞ്ഞിറങ്ങുന്നതിനുമുമ്പ് ടൊവിനോയ്ക്കൊപ്പം ഒരു ഫോട്ടോയും എടുത്താണ് ഫാദര്‍ ജോസഫ് പള്ളിപ്പാട്ടും പൗലോസും മടങ്ങിയത്.
ഇഷ്ക്കിന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ടയുടെ ചിത്രീകരണവുമായിട്ടാണ് ടൊവിനോ വയനാട്ടില്‍ എത്തിയത്. ചിത്രീകരണം പുരോഗമിക്കുന്ന നരിവേട്ടയില്‍ ടൊവിനോയ്ക്കൊപ്പം ഒരു പ്രധാന വേഷം ചെയ്യുന്നത് ചേരനാണ്.
Recent Comments