കാന്താരയുടെ രണ്ടാംഭാഗം അടുത്ത വര്‍ഷം ഒക്ടോബര്‍ 2 ന് റിലീസ് ചെയ്യാനൊരുങ്ങുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത പാന്‍-ഇന്ത്യന്‍ ഓഫര്‍ എന്ന നിലയില്‍, പ്രേക്ഷകരെ ഒരിക്കല്‍ കൂടി ആകര്‍ഷിക്കുവാന്‍ ഒരുങ്ങുകയാണ് ‘കാന്താര ചാപ്റ്റര്‍ 1’. ആഗോളതലത്തില്‍ കലക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
നേരത്തെ ഇറക്കിയ ഇതിന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ വന്‍ ഹിറ്റായിരുന്നു, ഏഴ് ഭാഷകളില്‍ എത്തിയ ടീസറിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കുറിച്ച് ഗൂഗിളിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തുകൊണ്ട് ചിത്രത്തിന് തുടര്‍ച്ചയുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
കാന്താരയുടെ പ്രീക്വലായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് വെറും പ്രകാശമല്ല! ദര്‍ശനം തന്നെയാകും എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്മെന്റ് വീഡിയോയിലുള്ളത്.
കാന്താരയില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ‘ഭൂതക്കോലം’ കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്.
ഗംഭീരവും ആധികാരികവുമായ സിനിമാ അനുഭവങ്ങള്‍ക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് വീര്യത്തിന്റെയും സംസ്കാരത്തിന്റെയും നിഗൂഢതയുടെയും ഒരു യുഗത്തില്‍ കാഴ്ചക്കാരെ കൊണ്ടുപോകാനായി കുന്ദാപുരയില്‍ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുകയാണ്. വിശദമായ വാസ്തുവിദ്യയും ജീവിതസമാനമായ ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റ് പ്രേക്ഷകരെ പഴയ കാലത്തേക്ക് കൊണ്ടുപോകുക തന്നെ ചെയ്യും.
കാന്താര പ്രോജക്റ്റിന് ചുക്കാന്‍ പിടിക്കുന്ന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്റെ റോളിനായി തയ്യാറെടുക്കുകയാണ്. തന്റെ കഥാപാത്രത്തെ ആധികാരികമായി അവതരിപ്പിക്കാന്‍, കേരളത്തില്‍ നിന്ന് ഉത്ഭവിച്ച ഏറ്റവും പഴയ ആയോധന കലകളിലൊന്നായ കളരിപ്പയറ്റില്‍ ഋഷഭ് കഠിനമായ പരിശീലനവും നേടിയെടുത്തു.
കൊങ്കണ്‍ നാടോടിക്കഥകളുടെ സമ്പന്നതയെ ലോകത്തിന് പരിചയപ്പെടുത്തിയത് കാന്താര ഒന്നാം അദ്ധ്യായമാണ്! ആഖ്യാനത്തിലും ദൃശ്യാവിഷ്കരണത്തിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങള്‍ കൊണ്ടും ചിത്രം ഇന്ത്യന്‍ അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള പ്രേക്ഷകരുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശിക പാരമ്പര്യങ്ങളുടെ ആധികാരികമായ ചിത്രീകരണവും കഥപറച്ചിലിലെ വൈഭവവും ചിത്രത്തെ ഹിറ്റാക്കി, ആഗോള തലത്തില്‍ ആരാധകരെ സൃഷ്ടിച്ചു.
ചിത്രത്തിന്റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചതോടെ ‘കാന്താര’അദ്ധ്യായം 1-നെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇരട്ടിയായി. ഹോംബാലെയുടെ കാഴ്ചപ്പാടും, ഋഷഭ് ഷെട്ടിയുടെ സമര്‍പ്പണവും, ആദ്യ അധ്യായത്തിന്റെ പൈതൃകവും കൊണ്ട്, ഈ സിനിമ മറ്റൊരു സിനിമാറ്റിക് നാഴികക്കല്ലായി മാറാനുള്ള പാതയിലാണ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
Recent Comments