മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചുമതലയേൽക്കുമെന്ന് സൂചന. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും. ബിജെപി നേതൃത്വം ഫഡ്നാവിസിൻ്റെ പേര് അംഗീകരിച്ചതായാണ് വിവരം. ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും അംഗീകാരിച്ചതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഫഡ്നാവിസിന്റെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തങ്ങളുമായി ഇതുവരെ കൂടിയാലോചന നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആരെയും ഇതുവരെ പാർട്ടി അംഗീകരിച്ചിട്ടില്ലെന്നും ശിവസേന വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷിൻഡെയെ പവാറിനൊപ്പം ഉപമുഖ്യമന്ത്രിയാക്കാനാണ് സാധ്യത. കഴിഞ്ഞ 36 മണിക്കൂറായി ഷിൻഡെ ബിജെപിയുമായി ചർച്ച നടത്തിവരികയാണ്. ശിവസേനയ്ക്ക് പ്രധാന വകുപ്പുകൾ ഉൾപ്പെടെ 12 മന്ത്രിസ്ഥാനങ്ങൾ നൽകുമെന്നാണ് വിവരം. മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ അനുവദനീയമായ പരിധി 43 ആണ്. 132 എംഎൽഎമാരുള്ള ബിജെപി 21 മന്ത്രിസ്ഥാനങ്ങൾ നിലനിർത്താനാണ് സാധ്യത.
ബിജെപി നിലനിർത്താൻ ആഗ്രഹം പ്രകടിപ്പിച്ച ആഭ്യന്തരം, ധനം, നഗരവികസനം, റവന്യൂ എന്നീ നാലു പ്രധാന വകുപ്പുകൾ സഖ്യകക്ഷികളുമായി പങ്കിടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര, ധന വകുപ്പുകളിൽ ബിജെപി സമ്മർദ്ദം ചെലുത്തിയതായാണ് വിവരം. അതേസമയം മന്ത്രിസ്ഥാനങ്ങളിലും വകുപ്പുകളിലും ചില അവസാന നിമിഷ ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Recent Comments