വിവാഹമോചിതയായതിനുശേഷം പലതരം മോശം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നുവെന്ന് തെന്നിന്ത്യന്‍താരം സാമന്ത റൂത്ത് പ്രഭു. മാനസികമായും ശാരീരകമായും തകര്‍ന്നുപോയെന്നും സാമന്ത വെളിപ്പെടുത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. വിവാഹമോചിതയായ സ്ത്രീയുടെ ജീവിതം വളരെ പ്രയാസമേറിയതാണ്. സമൂഹവും ചുറ്റുമുള്ള മനുഷ്യരും പലപ്പോഴായി പറഞ്ഞ അഭിപ്രായങ്ങളെല്ലാം വളരെയേറെ വേദനിപ്പിച്ചുവെന്ന് സാമന്ത പറയുന്നു.
‘വിവാഹമോചനത്തിന് ശേഷം പലതരം മോശം കമന്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം എ്നൊക്കെയാണ് ചിലര്‍ എന്നെ വിശേഷിപ്പിച്ചത്. നിങ്ങള്‍ ഒരു മൂലയിലേയ്ക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഒരു പരാജിതയാണെന്ന് സ്വന്തം തോന്നണം. ഒരിക്കല്‍ വിവാഹതായിരുന്നു, ഇപ്പോള്‍ അല്ല എന്ന കാരണത്താല്‍ കുറ്റബോധം അനുഭവിക്കണം. നാണക്കേടുകൊണ്ട് തല താഴ്ത്തണം എന്നൊക്കെയാണ് സമൂഹം നിര്‍ബന്ധിച്ചിരുന്നത്. വിവാഹമോചനത്തിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളും കുടുംബവും ഇതെല്ലാം അനുഭവിച്ചുകാണും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ സാമന്തയുടെ വാക്കുകള്‍.
‘വളരെ കഷ്ടപ്പെട്ടാണ് ആ തീരുമാനം എടുത്തത്. ഒരുപാട് വേദനിച്ചു. അതുകൊണ്ടാണ് കല്യാണ ഉടുപ്പിന് മേക്കോവര്‍ നല്‍കാമെന്നു ഞാന്‍ കരുതിയത്. ഞാന്‍ വിവാഹമോചിതയാണ്. ജീവിതം സുന്ദരമായ മുത്തശ്ശിക്കഥയല്ല. എന്നുകരുതി ഞാന്‍ അത് അലോചിച്ച് ഒരു മൂലയില്‍ ഇരുന്നു കരഞ്ഞു കളയാന്‍ ഉദ്ദേശിക്കുന്നുമില്ല. വിവാഹമോചനം സംഭവിച്ചു. അത് മറച്ചുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതം അവസാനിച്ചിട്ടുമില്ല. ഇപ്പോള്‍ ഞാന്‍ അതെല്ലാം അതിജീവിച്ചുകഴിഞ്ഞു. ഞാന്‍ ഒരുപാട് വളര്‍ന്നു. വളരെ നല്ല മനുഷ്യര്‍ക്കൊപ്പം ഗംഭീര ജോലികള്‍ ചെയ്തു. ജീവിതത്തിന്റെ ഭാവിയെയാണ് ഞാന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.’ സാമന്ത വ്യക്തമാക്കി.
സാമന്ത-നാഗചൈതന്യ വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും മുമ്പാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ദമ്പതികള്‍ അവരുടെ വിവാഹമോചനവാര്‍ത്ത പരസ്യമാക്കിയത്. ഇരുവരുടെയും വിവാഹമോചനവാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.
Recent Comments