മൊബൈൽ ഫോൺ അടക്കം ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവന് അപഹരിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവന് നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാർ രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച 22 കുട്ടികളില്‍ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
കുട്ടികള്‍ക്കിടയില്‍ ഡിജിറ്റല്‍ ആസക്തി ഒരു നിശബ്ദ പകര്‍ച്ചവ്യാധിയായി വളര്‍ന്നു വരികയാണെന്ന് മാനസികാരോഗ്യവിദഗ്ധന്‍ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ. സിജെ ജോൺ പറഞ്ഞു. ‘‘ലഹരി വസ്തുക്കളുടെ ദുരുപയോഗം പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ ആസക്തി. നിർഭാഗ്യവശാൽ രക്ഷിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് വലിയ അറിവില്ല. മുതിര്‍ന്നകുട്ടികള്‍ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവരുടെ ലോകം പകരം ഡിജിറ്റല്‍ മാത്രമായി ചുരുങ്ങുന്നു. ആസക്തി തടയാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ കുട്ടികള്‍ അക്രമാസക്തമാകുന്നു. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണുകയും വേണം,’’ അദ്ദേഹം വ്യക്തമാക്കി
‘‘കുട്ടികളിലെ മാനസിക സമ്മര്‍ദത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ ഡിജിറ്റല്‍ ആസക്തിയാണ് പ്രധാനം. കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി നേരിടാന്‍ ഞങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. എങ്കിലും പ്രധാന പരിഹാരം വീട്ടില്‍ തന്നെയാണ്. മാതാപിതാക്കള്‍ കുട്ടികളുമായി നല്ല രീതിയിലുള്ള ആശയവിനിമയം നിലനിര്‍ത്തുകയും അവരെ മറ്റ് ക്രയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ അനുവദിക്കുകയും ചെയ്യണം ,’’ ഡിഐജി പറഞ്ഞു.
Recent Comments