കൊല്ലം ജില്ലയിലെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജനായ ഡോക്ടർക്കെതിരെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ജൂനിയർ വനിതാ ഡോക്ടർ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പൊലീസ് കേസ് എടുത്തു. അന്വേഷണ വിധേയമായി ഡോക്ടറെ സസ്പെൻഡും ചെയ്തു. കഴിഞ്ഞ മാസമാണ് കേസിൽ ആസ്പദമായ സംഭവം നടന്നത്.
ആശുപത്രിയിലെ ഡോക്ടറുടെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കുവാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് രണ്ടാഴ്ച മുൻപ് നടത്തിയ വകുപ്പുതല അന്വേഷണത്തിന് ശേഷം സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം കൈമാറിയ പരാതിയിൽ ജൂനിയർ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മദ്യലഹരിയിലാണ് സെർബിൻ മുഹമ്മദിന്റെ പീഡനശ്രമമെന്നും പരാതിക്കാരി മൊഴിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോക്ടർ സെർബിൻ മുഹമ്മദിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജൂനിയർ ഡോക്ടർ നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണസംഘം മെഡിക്കൽ കോളേജിൽ എത്തി തെളിവുകൾ ശേഖരിച്ചു. പീഡനാരോപണത്തിന് വിധേയനായ ഡോക്ടർ മദ്യപിച്ച ശേഷമാണോ ഡ്യൂട്ടിക്ക് എത്തിയിരുന്നത് എന്നും പരിശോധിക്കുന്നുണ്ട്.
Recent Comments