കോതമംഗലം കുട്ടമ്പുഴ അട്ടിക്കളത്ത് വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെ നീണ്ട പതിനഞ്ച് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തി. മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് വനത്തിനുള്ളിൽ കയറിയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് ഇന്ന് (29 -11 -2024 ) പുലർച്ചയോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വനത്തിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അറിയുന്നത്.
കാട്ടിൽ പ്രവേശിച്ച ഇവർക്ക് നേരം ഇരുട്ടിയതോടെ വഴിതെറ്റി മൂവരും കാട്ടിൽ അകപ്പെടുകയായിരുന്നു. രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു.
മണിക്കൂറുകളായിട്ടും ഇവരെ കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിലിന് വനം വകുപ്പ് കുടുതൽ സംഘത്തെ നിയോഗിച്ചിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തിരച്ചിലിനുണ്ടായിരുന്നത്. തിരച്ചിലിനു ഡ്രോണും ഉപയോഗിച്ചിരുന്നു.
വ്യാഴാഴ്ച(28 -11 -2024 ) വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി ഭർത്താവ് പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ വഴി തെറ്റുകയായിരുന്നു.
Recent Comments