പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തു നൽകിയ കരാറുകളിൽ ബിനാമി ഇടപാട് നടന്നു എന്നും പി പി ദിവ്യ പ്രസിഡന്റ് ആയതിനു ശേഷം ഒരു കമ്പനിക്ക് തന്നെ കരാർ നൽകുന്നു എന്നും കാണിച്ച് ആ ആംദ്മി പാർട്ടി നൽകിയ പരാതിയിൽ വിജിലൻസ് തെളിവെടുപ്പ് നടത്തി.
2021-ൽ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായി അധികാരമേൽക്കുമ്പോൾ മുതൽ 12 കോടിയിലധികം രൂപയുടെ പ്രീഫാബ്രിക്കേറ്റഡ് നിർമ്മാണ കരാറുകൾ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാത്രമായി നൽകിയിട്ടുണ്ടെന്ന് എഎപി കേരള ആരോപിക്കുന്നു. ഓഫീസ് ഏറ്റെടുത്തതിന് ശേഷമാണ് പി. പി. ദിവ്യയുടെ സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ അംഗമായുള്ള മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ഈ കമ്പനി രൂപീകരിക്കപ്പെട്ടതെന്നും അഴിമതിക്കായി ഈ കമ്പനിയെ ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു.
പൊതുമേഖല സ്ഥാപനമായ സിൽക്കിനാണ് പ്രാഥമിക കരാർ നൽകിയിരുന്നതെങ്കിലും തുടർച്ചയായി മൂന്നു വർഷമായി ഈ കരാറുകൾ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുമാത്രമാണ് നൽകിക്കൊണ്ടിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
2023-24 വർഷത്തിൽ മാത്രം 30 സ്കൂളുകളുടെ നിർമ്മാണ കരാറുകൾ ഈ കമ്പനി സ്വന്തമാക്കി. 2022-23 വർഷത്തിൽ 46 സ്കൂളുകളുടെ നിർമ്മാണവും ഈ കമ്പനിയ്ക്ക് തന്നെ ലഭിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആം ആദ്മി പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിൽ, ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് എന്നിവരോട് ബുധനാഴ്ച കണ്ണൂർ വിജിലൻസ് ഓഫീസിൽ ഹാജരാവാൻ പറയുകയും, അവരിൽ നിന്നും വിജിലൻസ് തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
Recent Comments