മധുരമുള്ള ഓര്‍മ്മകള്‍ എന്ന തലക്കെട്ടില്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സുരേഷ് ഗോപി തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവച്ചത് കഴിഞ്ഞ ദിവസായിരുന്നു. അതിനുപിന്നാലെ ആ ചിത്രത്തിന്റെ പിന്നാംപുറ കഥകള്‍ അന്വേഷിച്ച് സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നു. മറുപടിയായി അദ്ദേഹം ചില ശബ്ദസന്ദേശങ്ങളാണ് അയച്ചത്. അത് ആ ചിത്രാഖ്യായികയെ പൂര്‍ണ്ണമായും പൂരണം ചെയ്യുന്നതായിരുന്നില്ല. അതുകൊണ്ടാണ് സുരേഷ് ഗോപിയുടെ അനുജന് കൂടിയായ സുഭാഷിനെ വിളിച്ചത്. സുഭാഷ് ഇക്കാര്യങ്ങളില്‍ തെളിഞ്ഞ ഓര്‍മ്മകളുള്ള ഒരാളാണ്. പല ഘട്ടങ്ങളിലും അദ്ദേഹം ഞങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സുഭാഷാണ് ആ മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ പിന്നാംപുറ കഥ പറഞ്ഞുതന്നത്.
’73 ലാണെന്നാണ് ഓര്‍മ്മ. ചേട്ടനന്ന് 8-ാം ക്ലാസ്സില്പഠിക്കുന്നു. ഞാന്‍ 6 ലും. ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന അച്ഛന് നിറയെ സിനിമാബന്ധങ്ങളുണ്ടായിരുന്നു. നിരവധി പ്രഗത്ഭര്‍ വീട്ടില്‍ വന്നിട്ടുണ്ട്. അവരെയൊക്കെ അടുത്തുനിന്ന് കാണാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ നസീര്‍ സാറിനെ മാത്രം നേരില്‍ കണ്ടിട്ടില്ല. സിനിമ അന്നുമുതലേ ആവേശമായി കൊണ്ടുനടന്നിരുന്ന ഞങ്ങള്‍ ഈ ആവശ്യം അച്ഛനോട് പറഞ്ഞു. അച്ഛന് അതിനുള്ള അവസരം ഒരുക്കിത്തരികയായിരുന്നു. അതിന് മുന്നോടിയായി അദ്ദേഹം ഞങ്ങള്‍ക്കൊരു സ്യൂട്ട് വാങ്ങിത്തന്നു. വാസ്തവത്തില്‍ അത് തയ്പ്പിച്ചതായിരുന്നു. സ്യൂട്ട് തയ്ക്കുന്നതില്‍ അന്ന് വിദഗ്ധനായിരുന്നു കൊല്ലം തങ്കശ്ശേരിയിലുള്ള ആ സായിപ്പ്. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. അന്നൊരു സ്യൂട്ട് തയ്പ്പിക്കുന്നതിന് ആയിരം രൂപയായിരുന്നു ചെലവ്. അങ്ങനെ ആ സ്യൂട്ട് ധരിച്ചുകൊണ്ടാണ് പ്രേംനസീര്‍ സാറിനെ കാണാന്‍ ഏട്ടനോടൊപ്പം ഞാന്‍ മദ്രാസിലേയ്ക്ക് തിരിക്കുന്നത്. ഞങ്ങള്‍ തനിച്ചായിരുന്നു യാത്ര. പക്ഷേ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരാന്‍ അച്ഛന്റെ ഒരു സുഹൃത്ത് അവിടെയുണ്ടായിരുന്നു. ഹരിദാസ്. അദ്ദേഹം എയര്‍പോര്‍ട്ട് ചീഫ് എഞ്ചിനീയറായിരുന്നു. ആവറോ പ്ലെയിനിലായിരുന്നു യാത്ര. ഞങ്ങളുടെ ആദ്യത്തെ വിമാനയാത്രയും അതായിരുന്നു.
അങ്ങനെ മദ്രാസിലെത്തുന്നു. അവിടെ അച്ഛനൊരു മാനേജരുണ്ട്- രംഗനാഥന്. അദ്ദേഹം ജമിനിഗണേഷന് സാറിന്റെ അനുജനാണ്. അദ്ദേഹമാണ് ഞങ്ങളെ കര്‍പ്പക സ്റ്റുഡിയോയിലേയ്ക്ക് കൊണ്ടുപോയത്. ശശികുമാര്‍ സാര്‍ സംവിധാനം ചെയ്യുന്ന തിരുവാഭരണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവിടെ നടക്കുന്നുണ്ടായിരുന്നു. അന്ന് ഒരു മിന്നായംപോലെയാണ് നസീര്‍ സാറിനെ കണ്ടത്. ഒരു ദിവസം പല ഷെഡ്യൂളുകളില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു അത്. പക്ഷേ അന്ന് വൈകുന്നേരം ഞങ്ങളെ അടയാര്‍ പാര്‍ക്കില്‍ എത്തിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയാണ് നസീര്‍ സാര്‍ മടങ്ങിയത്. അങ്ങനെ ഞങ്ങള്‍ അടയാര്‍ പാര്‍ക്കില്‍ എത്തുന്നു. ഗംഭീര സ്വീകരണമാണ് ഞങ്ങള്‍ക്ക് അവിടെ ലഭിച്ചത്. ഉമ്മര്‍ സാറിനെയും അവിടെവച്ചാണ് പരിചയപ്പെടുന്നത്. രണ്ട് ദിവസം കൂടി ഞങ്ങള്‍ മദ്രാസിലുണ്ടായിരുന്നു. മെറീന ബീച്ചും കോടമ്പാക്കവുമൊക്കെ അന്ന് ഞങ്ങള്‍ കറങ്ങി കണ്ട ചില സ്ഥലങ്ങളാണ്. അതിപ്പോഴും ഓര്‍മ്മയിലുണ്ട്. പിന്നീട് ഞങ്ങളുടെ ബന്ധുവിനൊപ്പമായിരുന്നു മടക്കയാത്ര.’ സുഭാഷ് തുടര്‍ന്നു.
‘പക്ഷേ ഈ ഫോട്ടോ എടുത്തത് പിന്നെയും ഒന്നര മാസം കഴിഞ്ഞാണ്. ഞങ്ങളുടെ അപ്പച്ചി (ആനന്ദവല്ലി)യുടെ രണ്ടാമത്തെ മകള്‍ അമ്പിളിയുടെ വിവാഹചടങ്ങില്‍വച്ച്. അന്ന് ഞങ്ങള്‍ വീണ്ടും ആ സ്യൂട്ട് ധരിച്ചു. സ്യൂട്ട് ഇട്ട് നില്ക്കുന്ന എന്റെയും ചേട്ടന്റെയും ഒത്ത നടുവില്‍ നില്‍ക്കുന്നതാണ് അമ്പിളിചേച്ചി. ഇരട്ടകളായ സുനിലും സനിലുമാണ് മറ്റു രണ്ടുപേര്‍. അവര്‍ക്കിടയില്‍ നില്ക്കുന്ന കൊച്ചുകുട്ടി മിനിയാണ്. ചിറ്റപ്പന്റെ (സുരേന്ദ്രന്‍പിള്ള) മകളാണ് മിനി. വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞെങ്കിലും ആ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന് ഇത്രയേറെ കഥകള്‍ പറയാനുണ്ടെന്ന് ഞാനും ഇപ്പോള്‍ മാത്രമാണ് തിരിച്ചറിയുന്നത്.’ സുഭാഷ് പറഞ്ഞു നിര്‍ത്തി.
Recent Comments