തെന്നിന്ത്യയിലെ ശ്രദ്ധേയ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമായ ‘രുധിര’ത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കി ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസിൽ തരംഗം തീർത്ത ‘കെജിഎഫ്’, ‘കെജിഎഫ് 2’, ‘സലാർ’ തുടങ്ങിയ ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘ആടുജീവിതം’, ‘എആർഎം’ തുടങ്ങിയ മലയാള സിനിമകളുടെ കന്നഡ വിതരണാവകാശം മുമ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു കന്നഡ നടൻ നായകനായെത്തുന്ന മലയാള സിനിമയുടെ കന്നഡ വിതരണാവകാശം ഹോംബാലെ സ്വന്തമാക്കുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിൽ ഫഹദ് നായകനായ ‘ധൂമം’ എന്ന സിനിമയുടെ നിര്‍മ്മാണം ഹോംബാലെ ഫിലിംസായിരുന്നു.
മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി അടുത്തിടെ എത്തിയിരുന്ന ‘രുധിരം’ ടീസർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ടീസർ ഇടം പിടിച്ചു. നവാഗതനായ ജിഷോ ലോണ്‍ ആന്റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ സോഷ്യൽ മീഡിയയിൽ എറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ഡോക്ടറിന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന രാജ് ബി. ഷെട്ടി കന്നഡയിലെ നവതരംഗ സിനിമകളുടെ ശ്രേണിയിൽ ഉള്‍പ്പെട്ടയാളാണ്. മലയാളത്തിൽ ‘ടർബോ’യിലും ‘കൊണ്ടലി’ലും അദ്ദേഹം മികച്ച വേഷങ്ങളിൽ എത്തിയിരുന്നു. രാജ് ബി. ഷെട്ടിയും അപര്‍ണയും ഒന്നിച്ചെത്തുന്ന ‘രുധിരം’ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേക്ഷകർ.
റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നു. സഹ സംവിധായകനായി സിനിമാ ലോകത്തെത്തിയ സംവിധായകൻ ജിഷോ ലോണ്‍ ആന്റണി ഒട്ടേറെ പരസ്യചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളയാളാണ്. 123 മ്യൂസിക്സ് ആണ് സിനിമയുടെ മ്യൂസിക് പാർട്നർ. ഫാർസ് ഫിലിംസ് ആണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്നർ.
‘രുധിര’ത്തിന്റെ തിരക്കഥ, സംഭാഷണം : ജിഷോ ലോൺ ആന്റണി, ജോസഫ് കിരൺ ജോർജ് , ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവന് ശ്രീകുമാര്‍, സംഗീതം: 4 മ്യൂസിക്സ്, ഓഡിയോഗ്രഫി: ഗണേഷ് മാരാര്‍, ആര്‍ട്ട്: ശ്യാം കാര്ത്തികേയന്, മേക്കപ്പ്: സുധി സുരേന്ദ്രന്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍: എഎസ്ആർ, ആക്ഷൻ: റോബിൻ ടോം, ചേതൻ ഡിസൂസ, റൺ രവി, ചീഫ് അസോ.ഡയറക്ടർ: ക്രിസ് തോമസ് മാവേലി, അസോ. ഡയറക്ടർ: ജോമോൻ കെ ജോസഫ്, വിഷ്വൽ പ്രൊമോഷൻ: ഡോൺ മാക്സ്, കാസ്റ്റിങ് ഡയറക്ടർ: അലൻ പ്രാക്, എക്സി.പ്രൊഡ്യൂസേഴ്സ്: ശ്രുതി ലാലൻ, നിധി ലാലൻ, വിന്‍സെന്റ് ആലപ്പാട്ട്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പോസ്റ്റ് പ്രൊഡക്ഷൻ കോഓർഡിനേറ്റര്‍: ബാലു നാരായണൻ, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് സ്റ്റുഡിയോ: കോക്കനട്ട് ബഞ്ച്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഷബീർ പി, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ: പ്രതീഷ് ശേഖർ.
Recent Comments