ജർമനിയിലെ ക്രിസ്തുമസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചുകയറ്റി അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട് . ഭീകര അക്രമണമായാണ് ജർമ്മനി ഈ സംഭത്തെ കാണുന്നത് .
വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യക്കാരും പരിക്കേറ്റവരിൽ ഉൾപ്പെട്ടതായി അറിയിച്ചത്. പരുക്കേറ്റവർക്ക് ബെർലിനിലെ മാഗ്ഡെബർഗിലുള്ള ഇന്ത്യൻ എംബസി എല്ലാ സഹായവും ചെയ്തുവരികയാണ്. പരുക്കേറ്റവരിൽ മൂന്നു പേർ ആശുപത്രിവിട്ടതായും ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ബെർലിനിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബർഗിലെ ക്രിസ്തുമസ് മാർക്കറ്റിൽ ഇന്നലെ (21 -12 -2024 ) സംഭവമുണ്ടായത്. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു. ഒൻപതു വയസുകാരൻ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആകെ പരുക്കേറ്റ ഇരുനൂറോളം പേരിൽ 41 പേരുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനായ 50 കാരനാണ് അറസ്റ്റിലായത്. അപകട സമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഡോക്ടറാണെന്നും 2006 മുതൽ ജർമനിയിൽ സ്ഥിരതാമസമാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ മറ്റു പ്രതികളില്ലെന്നാണ് സൂചന.
ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം ഭീകരാക്രമണമാണെന്നാണ് ജർമൻ സുരക്ഷാ സേനയുടെ അനുമാനം . കാർ ഓടിച്ചിരുന്ന സൗദിക്കാരനായ താലിബിന്റെ എക്സ് അക്കൗണ്ടിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ കണ്ടെത്തി. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമ്മൻ അധികൃതർക്ക് താലിബിനെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ജർമ്മനിയിൽ അത്യാഹിതം എന്തെങ്കിലും സംഭവിക്കുമെന്ന് താലിബ് നേരത്തെ എക്സിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ് സൗദി മുന്നറിയിപ്പ് നൽകിയതെന്ന് ജർമ്മൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മാഗ്ഡെബർഗിലെ ക്രിസ്തുമസ് മാർക്കറ്റിലുണ്ടായ സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
Recent Comments