ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ലോകമെമ്പാടും ഒരുങ്ങിക്കഴിഞ്ഞു. പിറവിയുടെ മഹത്വം ഘോഷിക്കുന്ന രാവിലേയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം. ഇങ്ങ് ഈ കൊച്ചുകേരളത്തിലും ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു. ആ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി മോഹന്‍ലാലിന്റെ ബറോസ് കൂടി തീയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ഒന്നാലോചിച്ചാല്‍ അതും ഒരു പിറവിയാണ്. നാല് വര്‍ഷത്തോളം നീണ്ടുനിന്ന ത്യാഗങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷമുള്ള പിറവി. നടനായും നിര്‍മ്മാതാവായും ഗായകനായും സ്റ്റേജ് പെര്‍ഫോര്‍മറായും കൂടുമാറ്റം നടത്തിയ ഒരു തികഞ്ഞ കലാകാരനെ സംബന്ധിച്ചിടത്തോളം ഇതദ്ദേഹത്തിന്റെ സംവിധായകനെന്ന നിലയിലുള്ള ആദ്യ കാല്വയ്പ്പു കൂടിയാണ്. അതുകൊണ്ടുതന്നെ ആകാക്ഷയും അമ്പരപ്പും ആവോളം ലാല്‍ ഉള്ളില്‍ പേറുന്നുണ്ടാവും.
ബറോസിന്റെ പിറവിയിലേയ്ക്ക് അടുക്കുന്ന നിമിഷങ്ങളില്‍ ഓര്‍ത്തുപോകുന്നത് മോഹന്‍ലാലിന്റെ ഗുരുത്വം തന്നെയാണ്. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങുമ്പോള്‍, തന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ആദ്യകാലം മുതല്‍ ഒപ്പം ഉണ്ടായിരുന്നവരെല്ലാം ആ ചടങ്ങിലും ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി അവരെയെല്ലാം നേരിട്ട് ക്ഷണിച്ചിരുന്നു. സംവിധായകരും നിര്‍മ്മാതാക്കളും സുഹൃത്തുക്കളും മാത്രമല്ല, തന്റെ ആദ്യ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ കൂടി അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ ഗുരുകടാക്ഷം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരുജ്ജ്വല തുടക്കം തന്നെയാണ് ബറോസിനും വ്യക്തിപരമായി ലാലിനും ലഭിച്ചത്.
മറ്റൊരാള്‍ ചെയ്യാനിരുന്ന പ്രൊജക്ടായിരുന്നു ബറോസ്. വളരെ ആകസ്മികമായി ആ ദൗത്യം മോഹന്‍ലാല്‍ സ്വയം ഏറ്റെടുക്കുമ്പോള്‍ അത് മറ്റൊരു ദൈവനിയോഗമായിരുന്നിരിക്കണം. പ്രതിസന്ധികള്‍ അനവധിയുണ്ടായി. പക്ഷേ അതൊന്നും ലാലിനെ ബാധിച്ചതേയില്ല. ക്യാമറയ്ക്ക് പിറകിലും അദ്ദേഹം അക്ഷോഭ്യനായിരുന്നു. ആക്ഷനും കട്ടിനുമിടയ്ക്ക് തനിക്ക് വേണ്ടതെല്ലാം സംശയലേശ്യമെന്യേ അദ്ദേഹം ചോദിച്ചു വാങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്ക് ക്യാമറയ്ക്ക് മുന്നിലും വിസ്മയം വാരി വിതറി.
ഒരു അന്തര്‍ദ്ദേശീയ ചിത്രമെന്ന നിലയിലാണ് ബറോസിനെ ലാല്‍ ആദ്യംമുതല്‍ സമീപിച്ചത്. ലോകത്തിന്റെ ഏത് കോണിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രം. അതിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കഠിനാദ്ധ്വാനവുമെല്ലാം. അതിന്റെ കരുത്തിലാണ് ലാല്‍ തന്നെ തുറന്നുപറഞ്ഞത്, ഞാനൊരു നല്ല സിനിമയുമായി നിങ്ങളുടെ മുന്നിലേയ്ക്ക് വരികയാണെന്ന്.
ബറോസിന്റെ വരവിനായി ഞങ്ങളും കാത്തിരിക്കുകയാണ്. സ്നേഹപൂര്‍വ്വം മോഹന്‍ലാലിനും ബറോസിനും ആശംസകള്‍ നേരുന്നു.
Recent Comments