പുഷ്പ 2 ന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. എന്നാല്‍ താരം ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലുവിനോട് ചോദിച്ചു. ഡിസിപിയും എസിപിയും നേതൃത്വം നല്കുന്ന നാലംഗ പൊലീസ് സംഘമാണ് അല്ലുവിനെ ചോദ്യം ചെയ്തത്. ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനായി അല്ലു അര്ജുന് ഇന്ന് രാവിലെ ഹാജരായത്.
ചോദ്യംചെയ്യലിനിടെ പൊലീസ് സംഘം നേരത്തേ പുറത്തുവിട്ട, സന്ധ്യ തിയറ്ററില്‍നിന്നുള്ള 10 മിനിറ്റ് വീഡിയോയും അല്ലു അര്ജുന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞതെന്നും പൊലീസ് അല്ലുവിനോട് ചോദിച്ചു. പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയതെന്നും പൊലീസ് അല്ലുവിനോട് ആരാഞ്ഞു. എന്നാല്‍ ഇതിനൊന്നും മറുപടി പറയാതെ അല്ലു അര്ജുന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇരുന്നു.
ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അര്‍ജുനെയും ഒപ്പം തിയേറ്റര്‍ മാനേജ്മെന്റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.
Recent Comments