ബറോസിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കുകളിലാണ് താരം. ഒരു തമിഴ് ഓണ്‍ലൈന്‍ പോര്‍ട്ടലിനുവേണ്ടി നടി സുഹാസിനി മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിലാണ് കമലിന്റെ ഇഷ്ടതാരം മോഹന്‍ലാലാണെന്ന വെളിപ്പെടുത്തല്‍ ആങ്കര്‍ കൂടിയായ സുഹാസിനി നടത്തിയത്.
‘മണിരത്നം, കമല്ഹാസന്, രാംഗോപാല്‍ വര്‍മ എന്നിവരുടെയെല്ലാം ഇഷ്ട നടനാണ് താങ്കള്‍. കമലിന്റെ ഇഷ്ടനടന് താങ്കളാണെന്ന് അറിയാമോ? മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ട് ആവേശത്തോടെ കമല്‍ഹാസനോട് പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ലേ എന്ന് ചോദിക്കും. മോഹന്‍ലാലിന്റെ അഭിനയം കാണണം എന്ന് പറയും. അന്ന് എനിക്ക് 20 വയസും അദ്ദേഹത്തിന് 27 വയസുമാണ്. 27 വയസ്സുള്ളപ്പോഴേ അദ്ദേഹം പറയും, മോഹന്‍ലാല്‍ എന്തൊരു അഭിനയമാണെന്ന്. അങ്ങനെ എല്ലാവരും താങ്കളുടെ ഫാന്‍സാണ്’ സുഹാസിനി പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ ശേഷം നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ത്രീഡി ചിത്രം പുറത്തിറങ്ങുന്നത്. അത് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൗമാരക്കാരനായ ലിഡിയന് നാദസ്വരമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 47 വര്‍ഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാകണമെന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നുവെന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.
Recent Comments