തമിഴ്നാട് ബിജെപി പ്രസിഡന്റ് അണ്ണാമല ഒരു രാഷ്ട്രീയ ശപഥം നടത്തിയിരിക്കുകയാണ്. ഡിഎംകെ അധികാരത്തിൽ നിന്നും മാറാതെ താൻ ചെരുപ്പ് ധരിക്കില്ലെന്നാണ് അണ്ണാമലയുടെ ശപഥം. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ധരിച്ചിരുന്ന ഷൂസ് അഴിച്ചുമാറ്റിക്കൊണ്ടായിരുന്നു അണ്ണാമലൈ ഈ പ്രഖ്യാപനം നടത്തിയത്.
1968 കാലത്ത് കേരളത്തിൽ ഒരു കർഷക നേതാവുണ്ടായിരുന്നു. നിരണം ബേബി, ബേബിച്ചായൻ എന്നീപേരുകളിൽ അറിയപ്പെട്ടിരുന്ന കേരള കോൺഗ്രസ് നേതാവായിരുന്നു ഇ ജോൺ ജേക്കബ്. കായൽ രാജാവായ മുരിക്കന്റെ കുട്ടനാട്ടിലെ പാടശേഖരം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് തൊഴിലാളികൾക്ക് നല്കാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ശപഥം ചെയ്തത്. സിപിഎമ്മിന്റെ ഇ എം എസ് ആയിരുന്നു അന്ന് മുഖ്യമന്ത്രി. ഇ ജോൺ ജേക്കബ് എംഎൽഎയും നിയമസഭയിൽ വെച്ചായിരുന്നു അദ്ദേഹം ശപഥം നടത്തിയത്. ശപഥം ഇങ്ങനെയായിരുന്നു.
കർഷകരെ ദ്രോഹിക്കുന്ന ഇ എം എസ് സർക്കാരിനെ പുറത്താക്കുന്നതുവരെ താൻ താടി വടിക്കില്ല. അന്ന് നിയമസഭയിൽ സിപിഎമ്മിനു മൃഗീയ ഭൂരിപക്ഷമുള്ള കാലമാണ്. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിനു നിയമസഭയിൽ ഒമ്പത് അംഗങ്ങൾ മാത്രം. അക്കാലത്താണ് ഇ ജോൺ ജേക്കബ് ശപഥം നടത്തിയത്.
അന്ന് എല്ലാവരും കരുതിയത് അദ്ദേഹം പരാജയപ്പെടുമെന്നായിരുന്നു. എന്നാൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന ഇ എം എസ് സർക്കാരിനു ഇ ജോൺ ജേക്കബ് ശപഥം നടത്തി ഒരുവർഷം കഴിഞ്ഞയുടൻ 1969 ൽ സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത് ചരിത്രമാണ്. തുടർന്ന് അദ്ദേഹം ആഘോഷ പൂർവ്വം എടത്വ എന്ന സ്ഥലത്ത് എത്തി താടി രോമങ്ങൾ ക്ളീൻ ചെയ്തു.
ഇപ്പോൾ തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്റെ ഡി എം കെയ്ക്ക് മൃഗീയ ഭൂരിപക്ഷമാണ് ഉള്ളത്. ഇ ജോൺ ജേക്കബ് ശപഥം നടത്തി ഇ എം എസ് സർക്കാർ നിലം പതിച്ച പോലെ അധികാരത്തിൽ നിന്നും ഡിഎംകെ പുറത്തുപോവുമോയെന്ന് കാണാൻ പോവുന്ന പൂരം ആണ്.
കേരളത്തിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ മുടിവളർത്തുന്നതിനു പിന്നിലും ഒരു ശപഥം ഉണ്ടെന്നാണ് പറയപ്പെടുന്നത്. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു പന്ന്യൻ മുടി വളർത്തിയത് എന്നാണ് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളത്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് പന്ന്യന്റെ പാർട്ടിയായ സിപിഐ അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായിരുന്നു. അക്കാലത്ത് അവർ കേരളത്തിൽ കോൺഗ്രസിനോടൊപ്പം ഭരണ കക്ഷിയായിരുന്നു. പിന്നെ എന്തിനാണ് പന്ന്യൻ ഇപ്പോഴും മുടി വളർത്തുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല.
പാലക്കാട് ലോകസഭയിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നതുവരെ താൻ താടി വടിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി കെ ശ്രീകണ്ഠൻ ശപഥം ചെയ്തിരുന്നു. 2019 ൽ ശ്രീകണ്ഠൻ എം ബി രാജേഷിനെ തോൽപ്പിച്ച് എം പിയായതോടെ അദ്ദേഹം താടി വടിക്കുകയായിരുന്നു. ഇ ജോൺ ജേക്കബ്ബിനെ പോലെ ആഘോഷമായിട്ടല്ല. സ്വകാര്യമായിട്ടായിരുന്നുയെന്നു മാത്രം.
അടുത്ത കാലത്ത് യൂത്ത് കോൺഗ്രസുകാരും ഇ പി ജയരാജനുമായി ഇൻഡിഗോ വിമാനത്തിൽ ഉന്തും തള്ളും നടന്നപ്പോൾ ഇൻഡിഗോ വിമാനം ജയരാജനു വിലക്കേർപ്പെടുത്തി. അതിനെ തുടർന്ന് ജയരാജൻ ഇൻഡിഗോ തെറ്റ് തിരുത്തി മാപ്പു പറയുന്നവരെ ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ശപഥം ചെയ്തിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം ശപഥത്തിൽ ഉറച്ച് നിന്നു. പിന്നീട് അദ്ദേഹം ഇൻഡിഗോയിൽ കയറി. വിമാന കമ്പനി തെറ്റ് തിരുത്തുകയോ ജയരാജനോട് മാപ്പു പറയുകയോ ചെയ്തില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതൊക്കെയാണ് രാഷ്ട്രീയ ശപഥങ്ങളുടെ ചരിത്രം. അണ്ണാമലൈയുടെ ശപഥം നടക്കുമോയെന്ന് കണ്ടറിയാം.
Recent Comments