കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേരെ ഇന്ന് (11 -1 -2025 ) അറസ്റ്റ് ചെയ്തേക്കും. പത്തനംതിട്ടയിലാണ് സംഭവം.
പീഡനവുമായി ബന്ധപ്പെട്ട് ഇന്നലെ (10 -1 -2025 )അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 64 പേർ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
13 വയസ് മുതൽ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പെൺകുട്ടി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. 2019 മുതലാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ ആൺസുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. വാഹനത്തിൽ കൊണ്ടുപോയി പലയിടത്തുവച്ചായി പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയും പകർത്തുകയും ചെയ്തു. ഇത് സുഹൃത്തുക്കൾക്ക് കാണിച്ചു കൊടുത്തു. തുടർന്ന് പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കൈമാറുകയും അവരും പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കണ്ട ചിലരും പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും പൊതുവിടത്തുവെച്ചും സ്കൂളിൽവച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 64 പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടിയെ പീഡിപ്പിച്ചവരിൽ പരിശീലകരും കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ഉൾപ്പെട്ടിട്ടുണ്ട്. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്, വിനീത്, സുബിന് എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് നിലവിൽ അറസ്റ്റിലായത്. ഇവരെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.
Recent Comments