എന്റെ ബാല്യകാല സുഹൃത്താണ് പൃഥ്വിരാജ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്. സ്കൂള്‍ യുവജനോത്സവവേദിയില്‍ ഞാനും പൃഥ്വിയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. വെവ്വേറെ സ്കൂളുകള്ക്കുവേണ്ടിയാണെന്ന് മാത്രം. ഞാന്‍ പട്ടം ആര്യാ സെന്‍ട്രല്‍ സ്കൂളിനേയും പൃഥ്വി ഭാരതീയ വിദ്യാഭവനേയുമാണ് പ്രതിനിധീകരിച്ചിരുന്നത്. പില്ക്കാലത്ത് ഞങ്ങള്‍ രണ്ടുപേരും സിനിമയിലേയ്ക്ക് കടന്നുവന്നു. പൃഥ്വി നടനും ഞാന്‍ നിര്‍മ്മാതാവുമായി.
സുന്ദര്‍ദാസ് സംവിധാനം ചെയ്ത കഥ എന്ന ചിത്രത്തിലെ നായകന് പൃഥ്വിരാജ് ആയിരുന്നപ്പോള്‍ ഞാനാ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സ്വന്തമായൊരു സിനിമ നിര്‍മ്മിക്കണമെന്നുള്ളത് എന്റെ ആഗ്രഹമായിരുന്നെങ്കിലും സത്യത്തില്‍ അതിന് നിമിത്തമായത് സംവിധായകന് സച്ചിയേട്ടനാണ്.
സച്ചിയേട്ടനുമായും എനിക്ക് 13 വര്‍ഷത്തെ സൗഹൃദമുണ്ട്. ഞാന്‍ തന്നെ നിര്‍മ്മിച്ച തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷമാണ് സച്ചിയേട്ടനോടൊപ്പം ചേര്‍ന്ന് ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം മൂര്‍ദ്ധന്യതയിലെത്തുന്നത്. അയ്യപ്പനും കോശിക്കും ശേഷമുള്ള പ്രൊജക്ട് എന്ന നിലയില്‍ ആ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്തു.
മറ്റൊരാളുടെ കഥയിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. ഒരു ദിവസം സച്ചിയേട്ടന് എന്നെ വിളിക്കുന്നു. ഇന്ദുഗോപന്റെ ഒരു കഥ കേട്ടെന്നും ഗംഭീരമാണെന്നും പറയുന്നു. അപ്പോള്‍തന്നെ എന്നോട് വണ്‍ലൈന്‍ പറഞ്ഞു. കഥ എനിക്കും ഇഷ്ടമായി. ചെയ്യാമെന്നും സമ്മതിച്ചു. തുടര്‍ന്നങ്ങോട്ട് ആ പ്രോജക്ടിനുവേണ്ടിയുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളുമായിരുന്നു.
പെട്ടെന്നൊരു ദിവസം സച്ചിയേട്ടന്റെ ഫോണ്‍, ‘എടാ നമ്മുടെ ഈ കഥയിലെ ഡബിള്‍ മോഹന്‍ മുപ്പത്തിയഞ്ച് വയസ്സെങ്കിലുമുള്ള കഥാപാത്രമാണ്.’ സച്ചിയേട്ടനുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ആ നിമിഷം എനിക്ക് വേറൊരു ഫോണ്‍കോള്‍ വരികയാണ്. അത് പൃഥ്വിരാജിന്റേതായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘ചേട്ടന്റെ ഡബിള്‍മോഹന്‍ എന്നെ വിളിക്കുന്നു.’ മറുതലയ്ക്കല്‍ സച്ചിയേട്ടന്റെ നിര്‍ത്താതെയുള്ള ചിരി മുഴങ്ങി.
ഡബിള്‍ മോഹന്‍ എന്ന കഥാപാത്രം ഉരുവപ്പെട്ട് വന്നതോടെ സച്ചിയേട്ടന്റെ മനസ്സിലും പൃഥ്വിരാജായിരുന്നു. ഇക്കാര്യം പൃഥ്വിയെ വിളിച്ച് സച്ചിയേട്ടന് സംസാരിച്ചിരുന്നു. അതിനെത്തുടര്‍ന്നുള്ള വിളിയാണ്. പൃഥ്വിയും എന്നോട് പറഞ്ഞത് ‘ഡബിള്‍ മോഹന്റേത് ഗംഭീരകഥയാണെന്നും നമുക്ക് ചെയ്യാമെന്നുമാണ്.’ അങ്ങനെയാണ് ഇന്ദുഗോപന്റെ തിരക്കഥയില്‍ പൃഥ്വിരാജിനെ നായകനാക്കി സച്ചിയേട്ടന് സംവിധാനം ചെയ്യുന്ന ചിത്രത്തിലേയ്ക്ക് ഞങ്ങള്‍ വന്നത്.
പക്ഷേ ആ സിനിമയ്ക്കുവേണ്ടിപോലും കാത്തുനില്‍ക്കാതെ, ആരോടും ഒന്നും പറയാതെ സച്ചിയേട്ടന് മടങ്ങി. ആ ആഘാതത്തില്‍നിന്ന് മോചിതരാകാന്‍ ഞങ്ങളും ഒരു മാസത്തോളമെടുത്തു. പൃഥ്വിയെയും എന്നെയും ചേര്‍ത്തുവച്ചത് സച്ചിയേട്ടനാണ്. അദ്ദേഹത്തിന്റെയും സ്വപ്നമായിരുന്നു ആ പ്രോജക്ട്. അത് സഫലീകരിക്കണം. സച്ചിയേട്ടന് കൊടുക്കാവുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണിത്. അങ്ങനെയാണ് ജയന് നമ്പ്യാരെ ഞങ്ങള്‍ സമീപിക്കുന്നത്. സച്ചി ചിത്രങ്ങളിലെ അസോസിയേറ്റ് മാത്രമായിരുന്നില്ല ജയന്, അടുത്ത സുഹൃത്തുമായിരുന്നു. സച്ചിയേട്ടന് എല്ലാ കാര്യങ്ങളും ആദ്യം ചര്‍ച്ച ചെയ്തിരുന്നത് ജയനുമായിട്ടാണ്. അത് സിനിമയാകട്ടെ, ജീവിതമാകട്ടെ. സച്ചിയേട്ടന്റെ തിരക്കഥയില്‍ ജയന് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ചര്‍ച്ചകളും മുമ്പ് നടന്നിരുന്നു. ജയനെക്കാള്‍ നല്ലൊരു ചോയ്സ് ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. ഞങ്ങളുടെ പ്രൊജക്ടിനൊപ്പം നില്ക്കാന് ജയനും തയ്യാറായി. അതിനുശേഷമാണ് ഞങ്ങള്‍ ആ പ്രോജക്ട് അനൗണ്‍സ് ചെയ്തത്- വിലായത്ത് ബുദ്ധ.
വിലായത്ത് ബുദ്ധ സച്ചിയേട്ടനുവേണ്ടി ഞങ്ങള്‍ സമര്‍പ്പിക്കുന്ന ചിത്രമാണ്.
വിലായത്ത് ബുദ്ധയിലെ ഒരു കഥാപാത്രത്തെക്കുറിച്ച് മാത്രമേ നിങ്ങള്‍ കേട്ടിട്ടുള്ളൂ. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിള്‍ മോഹന്‍. ഇനിയൊരു കഥാപാത്രം കൂടിയുണ്ട്. തൂവെള്ള ഭാസ്ക്കരന്‍. കാസ്റ്റിംഗ് നടക്കുന്നതേയുള്ളൂ. വൈകാതെ അറിയിക്കും.
ചന്ദനമരത്തിന്റെ യഥാര്‍ത്ഥ കാതലാണ് വിലായത്ത് ബുദ്ധ. അതിലൊരു പൂര്‍ണ്ണകായ ബുദ്ധനെ സൃഷ്ടിക്കാനാവുമെന്നാണ് വിശ്വാസം. വിലായത്ത് ബുദ്ധ ഒരു പ്രതികാരകഥയാണ്. ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ജോമോന് ടി ജോണാണ് ക്യാമറാമാന്. മഹേഷ് നാരായണനാണ് എഡിറ്റര്‍. ഇന്ദുഗോപനോടൊപ്പം രാജേഷ് പിന്നാടനും ചേര്‍ന്നാണ് വിലായത്ത് ബുദ്ധയ്ക്ക് തിരക്കഥ എഴുതുന്നത്. സന്ദീപ് സേനന് പറഞ്ഞുനിര്‍ത്തി.
Recent Comments