ഒടുവിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങി. ഡോക്ടർമാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടിൽ നിന്നും കണക്കെടുക്കുവാൻ കഴിഞ്ഞ മേയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചിരുന്നു. വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ ആശുപത്രി സൂപ്രണ്ടുമാർക്കെതിരേയും നടപടി ഉണ്ടാകുമെന്ന താക്കീതോടെയാണ് കണക്കുകൾ പുറത്തെത്തിയത്.
ആരോഗ്യ ഡയറക്ടറേറ്റിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണ് പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആശുപത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടാനാണ് നീക്കം. കൂടാതെ ലാബ് ടെക്നീഷ്യൻസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, റേഡിയോഗ്രാഫർ ഉൾപ്പെടെ 300 ലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ (ഡിഎംഇ) 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി.
Recent Comments