കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന കേസിൽ കാമുകിയും പ്രതിയുമായ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാർ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഗ്രീഷ്മയ്ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചിരുന്നു.
ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.
Recent Comments