പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. ചുമതലയേറ്റതിന് ശേഷമുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടൊണ് ഇന്ന് (17 -1 -2025 ) സമ്മേളനം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ തുടക്കമിട്ടത്. നേരത്തെ പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.
കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ട്. ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്ന് ഗവർണർ പറഞ്ഞു.
ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളത്. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണ്. ഇന്റര്‍നെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്തു പറയേണ്ടതാണെന്നും ഗവർണർ വ്യക്തമാക്കി.
സമീപ കാലത്ത് നിരവധി ദുരന്തങ്ങൾ സംസ്ഥാനം നേരിട്ടു. വയനാട്ടിൽ ഉരുള്‍പൊട്ടൽ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും.
കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കും. കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവ് കാണിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറിനെ അടുത്തിടെയാണ് കേരള ഗവർണറായി നിയമിച്ചത്. ബിഹാർ ഗവർണറായിരുന്നു. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
Recent Comments