സഹോദരിയുമായുള്ള സ്വത്തുതർക്കത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലുള്ള ഒപ്പ് ആർ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം.
കേരള രാഷ്ട്രീയത്തിലെ അതികായനും മുൻമന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകൻ ഗണേഷ് കുമാറിന് നൽകിയിരുന്നു. എന്നാൽ വിൽപ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകൾ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹൻദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഉഷാ മോഹൻദാസ് കേസ് നൽകുകയും ചെയ്തു. ഇതിന്റെ നിയമനടപടികൾ തുടർന്ന് വരികയാണ്.
കോടതി നിർദേശപ്രകാരമാണ് വിൽപ്പത്രത്തിലെ ഒപ്പുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആർ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോൾ, അവസാനത്തെ രണ്ടര വർഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വിൽപ്പത്രം തയാറാക്കിയത്.
ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥൻ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബാലകൃഷ്ണപിള്ളയുടെ അറിവില്ലാതെയാണ് വിൽപ്പത്രം തയാറാക്കിയത് എന്നായിരുന്നു ഉഷാ മോഹൻദാസിന്റെ വാദം. ഈ വിഷയത്തിലാണ് ഇപ്പോൾ ഫോറൻസിക് ഫലം കെ ബി ഗണേഷ് കുമാറിന് അനുകൂലമായി വന്നിരിക്കുന്നത്.
Recent Comments