കലാ രാജുവിനെ തട്ടിക്കൊണ്ടു വന്നിട്ടില്ലെന്ന് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി. പാർട്ടി നിർദേശപ്രകാരമാണ് കലാ രാജു ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി ഓഫീസിൽ എത്തിയത്. കലാ രാജുവിനെ ആരും കാറിൽ വലിച്ചു കയറ്റിയിട്ടില്ല. പാർട്ടി ഓഫീസിൽവച്ച് കലാരാജുവിന് വൈദ്യ സഹായം നൽകി. നല്ലരീതിയിൽ സംസാരിച്ച് പിരിഞ്ഞ കലാ രാജു ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. മക്കളെ കരുവാക്കി കോൺഗ്രസ് രാഷ്ട്രീയക്കളി കളിക്കുന്നുവെന്നും പി.വി.രതീഷ് പറഞ്ഞു.അതേസമയം കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം ആരോപിച്ചു രംഗത്ത് വന്നതോടെ സിപിഎമ്മിന്റെ വാദം ദുർബലമായി .
കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. കലാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കലുൾപ്പെടെയുള്ള കൂടുതൽ വകുപ്പ് ചുമത്താനാണ് പൊലീസ് തീരുമാനം. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അതിക്രമം കാണിച്ചവരെ കണ്ടെത്താനാണ് പൊലീസ് നീക്കം. നിലവിൽ 45 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. കല രാജു യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്തെ തുടർന്ന് കടത്തിക്കൊണ്ടുപോയെന്നാണ് ഉയരുന്ന ആരോപണം. ഏറെ മണിക്കൂറുകൾക്കുശേഷം കല രാജുവിനെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു..
Recent Comments