ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി മുംബൈ പൊലീസ്. താനെയിൽനിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണ് .പ്രതി ബംഗ്ലാദേശ് പൗരനെന്നാണ് പ്രാഥമിക നിഗമനം. വിജയ് ദാസ് എന്ന പേരിലാണ് ഇയാൾ ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിങ് ഏജൻസിയിലാണ് പ്രതി ജോലി ചെയ്തിരുന്നത്. മുംബൈ പൊലീസ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത് .
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 2 നും 2.30 നും ഇടയിലാണ് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറിയാണ് പ്രതി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണയോളം സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് സുഖം പ്രാപിച്ചു വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ലോക്കൽ പൊലീസ്, ക്രൈം ബ്രാഞ്ച്, ക്രൈം ഇന്റലിജൻസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയുമായി രൂപസാദൃശ്യമുണ്ടെന്ന് സംശയം തോന്നിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും സംഭവുമായി ബന്ധമില്ലെന്ന് കണ്ടെത്തി വിട്ടയച്ചു. സെയ്ഫിന്റെ കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ളതും ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതിനാലുമാണ് അയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രതിയുടെ പുതിയൊരു സിസിടിവി ദൃശ്യം പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നടനെ ആക്രമിച്ചശേഷം പുറത്തെത്തിയ പ്രതി വേഷം മാറിയാണ് രക്ഷപ്പെട്ടതെന്ന് ഈ സിസിടിവി ദൃശ്യങ്ങളിൽനിന്നും പൊലീസിന് വ്യക്തമായി. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് നിർണായക ദൃശ്യം ലഭിച്ചത്. തുടർന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്
Recent Comments