രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് ചടങ്ങുകള്‍ നടക്കുക. കടുത്ത ശൈത്യകാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ ക്യാപിറ്റോളിലെ റോട്ടന്‍ഡ ഹാളിലാകും സത്യപ്രതിജ്ഞ നടക്കുക. എഴുപത്തിയെട്ടുകാരന് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡന്റ് കസേരില്‍ ഇത് രണ്ടാമൂഴമാണ്. 2017 മുതല്‍ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്. (Donald Trump swearing-in as American president)
യു എസ് ക്യാപിറ്റോളിലെ മകുടത്തിനു താഴെയുള്ള ഹാളായാ റോട്ടന്‍ഡയിലാണ് ചടങ്ങ്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ഡോണള്‍ഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുക്കും. വൈസ് പ്രസിഡന്റായി ജെ ഡി വാന്‍സും ചുമതലയേല്‍ക്കും. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പങ്കെടുക്കുന്ന ഉച്ചഭക്ഷണ സല്‍ക്കാരം. സംഗീതാവതരണവും ഉദ്ഘാടന പരേഡും അതിനുശേഷം നടക്കും. ക്യാപിറ്റല്‍ വണ്‍ അറീനയിലാണ് പരേഡ്.
ആദ്യ ദിനം 100 എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ട്രംപ് ഒപ്പുവച്ചേക്കുമെന്നാണ് വിവരം. ജീവിതചെലവ് ലഘൂകരിക്കുക, കുടിയേറ്റം തടയുക, ദേശീയ സുരക്ഷ ഉറപ്പാക്കുക മുതലായ കാര്യങ്ങളിലാകും ട്രംപ് ശ്രദ്ധയൂന്നുക. ദേശീയ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, തെക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ യുഎസ് സൈന്യത്തോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും നിര്‍ദേശിക്കുക, രാജ്യത്തുനിന്നും ക്രിമിനല്‍ സംഘങ്ങളെ തുരത്തുക തുടങ്ങിയവയാകും ട്രംപിന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍.
Recent Comments