കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തിയ നടന് മോഹന്‍ലാലിനെ സ്വീകരിച്ചത് ആ നാടിന്റെ സ്വന്തം പൊന്നമ്മച്ചിയാണ്. ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ്മ സേനാംഗം പൊന്നമ്മ ദേവരാജിനെ തേടി അപൂര്വ്വഭാഗ്യമായെത്തിയ അവസരം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യ സംഘാടകനായ മന്ത്രി സജി ചെറിയാനാണ് നടന് മോഹന്‍ലാലിനെ സ്വീകരിക്കാന്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ്മ സേനാംഗമായ പൊന്നമ്മ ദേവരാജിനെ തെരഞ്ഞെടുത്തത്.
വലിയ ആരവങ്ങള്‍ക്കിടെ വേദിയില്‍വച്ച് പൊന്നമ്മച്ചി മോഹന്‍ലാലിന് പൂച്ചെണ്ടും പുസ്തകവും കൊടുത്തു. രണ്ടും നിറഞ്ഞ ചിരിയോടെ സ്വീകരിച്ച മോഹന്‍ലാല്‍ പൊന്നമ്മച്ചിയെ ചേര്‍ത്തുനിര്‍ത്തിയതോടെ കരഘോഷവും ആരവവും ഉയര്‍ന്നു. കൂടാതെ വേദിയിലും സദസ്സിലുമായി കണ്ടുനിന്നവരുടെയും കണ്ണു നിറഞ്ഞു. പ്രസംഗത്തിനിടയില്‍ തന്നെ സ്വീകരിച്ച പൊന്നമ്മച്ചിക്ക് മോഹന്‍ലാല്‍ പ്രത്യേക നന്ദിയും പറഞ്ഞു. ചടങ്ങിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താരത്തെ കാണാനായി വലിയ ജനക്കൂട്ടമാണ് വേദിക്കരികില്‍ തടിച്ചുകൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യ പ്രശ്നമെന്നും വേദിയില്‍ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Recent Comments