സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ. കണ്ണൂരില്‍ സിപിഐഎം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒരു വനിത പോലുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിൻ്റെ വിമർശനം. സമസ്ത സ്ത്രീവിരുദ്ധമെന്ന് പറയുന്നവര്‍ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നു. അന്യപുരുഷന്മാരും സ്ത്രീകളും കൂടിക്കലരുന്നത് ഇസ്ലാം വിരുദ്ധമാണ്. ഞങ്ങളുടെ മതത്തെക്കുറിച്ചാണ് ഇത് പറഞ്ഞതെന്നും മറ്റ് മതങ്ങളുടെ കാര്യമൊന്നും തങ്ങള്‍ പറഞ്ഞിട്ടേയില്ലെന്നും കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനങ്ങള്‍.
അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നു മായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിൻ്റെ മറുപടി.
അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിൻ്റെ പേരിലാക്കി തൻ്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർ മാരും അഭിപ്രായം പറയുന്നു. ഞങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോ ? ഞങ്ങളുടെ മതത്തിൻ്റെ വിധി ഞങ്ങൾ പറയുന്നത് മുസ്ലിംങ്ങളോടാണ്. മറ്റുള്ളവർ അതിൽ ഇടപെടേണ്ടെന്നും കാന്തപുരം പറയുന്നു.
Recent Comments