അന്ന് പ്ലാച്ചിമട; ഇന്ന് ബ്രുവറി (മദ്യ നിർമ്മാണ കമ്പനി). രണ്ടും പാലക്കാട് ജില്ലയിലാണ്. പ്ലാച്ചിമടയിൽ ആഗോള കുത്തക കമ്പനിയായ കൊക്കോകോള കമ്പനിയുടെ ജല ചൂഷണത്തിനെതിരെയായിരുന്നു സിപിഎം ഉൾപ്പെടെ ശക്തമായ സമരം നടത്തിയത്. ഒടുക്കം കൊക്കോകോള പൂട്ടേണ്ടി വന്നു. അന്ന് സമരം ചെയ്ത സിപിഎം ഭരിക്കുന്ന കാലത്താണ് ബ്രൂവറി അതായത് മദ്യ നിർമ്മാണ കമ്പനി തുടങ്ങുവാൻ പോവുന്നത്.
പ്ലാച്ചിമട പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലാണെനിങ്കിൽ ബ്രൂവറി അതേ ജില്ലയിലെ എലപ്പുള്ളിയിലാണ്. പ്ലാച്ചിമട കടുത്ത കുടിവെള്ള ക്ഷാമത്തെ നേരിടുമ്പോഴാണ് കോൺഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണിയുടെ കാലത്ത് കൊക്കോകോള തുടങ്ങിയത്. ബ്രൂവറി തുടങ്ങുവാൻ പോവുന്നത് സിപിഎമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. അവിടെയും കുടിവെള്ള ക്ഷാമം ഉണ്ട്. ഒയാസിസ് എന്ന മദ്യ നിർമ്മാണ കമ്പനിക്കാണ് ടെണ്ടർ ഇല്ലാതെ മദ്യ നിമ്മാണ കമ്പനി തുടങ്ങുവാൻ സർക്കാർ അനുമതി നൽകിയത്.വ്യവസായ നിക്ഷേപമായതിനാൽ ടെണ്ടർ വേണ്ടെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്.
കൊക്കോകോള കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടു അന്നത്തെ യുഡിഎഫ് സർക്കാർ പറഞ്ഞത് വ്യവസായവൽക്കരണത്തിന്റെ ഭാഗമായാണ് കൊക്കോകോള കമ്പനി തുടങ്ങുന്നതെന്നാണെന്നും ഇതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നായിരുന്നു.അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് പറഞ്ഞത് ആദ്യം കുടിവെള്ളം നൽകുക, എന്നിട്ടു മതി കോള കമ്പനി എന്നായിരുന്നു.
വ്യവസായവൽക്കരണത്തിന്റെ ഭാഗമായി കമ്പനികൾക്ക് വെള്ളം നൽകേണ്ടി വരുമെന്നാണ് യുഡിഎഫ് സർക്കാർ പ്രതിപക്ഷ വിമർശഞങ്ങൾക്ക് നേരെ പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ബ്രൂവറി പ്രതിപക്ഷമായ യുഡിഎഫ് ഉയർത്തുമ്പോൾ വ്യവസായങ്ങൾക്ക് വെള്ളം നൽകുന്നത് മഹാപാപമല്ലെന്നാണ് എൽഡിഎഫ് മുഖ്യമന്ത്രി പിണറായി നിയമസഭയിൽ പറഞ്ഞത്.
അതേസമയം ഭരണകകഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്നാണ്. തങ്ങൾ വികസന വിരുദ്ധരല്ലെന്നും ഏതു വികസനമായാലും കുടിവെള്ളത്തെ മറന്നുകൊണ്ടാവാൻ പാടില്ല എന്നാണ് ബിനോയ് കൂട്ടിച്ചെർത്തത്.
2000 ജൂൺ മാസത്തിലാണ് പാലക്കാട് പെരുമാട്ടി പഞ്ചായത്തിൽ കൊക്കോകോള കമ്പനി തുടങ്ങിയത്. ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു പ്രവർത്തനം. 35 ഏക്കർ പാടശേഖരം നികത്തിയാണ് കോള കമ്പനി സ്ഥാപിച്ചത് .പ്രതി ദിനം 15 ലക്ഷം ലീറ്റർ കുടിവെള്ളമാണ് കോള കമ്പനി ചോർത്തിയത് .പകരം കമ്പനി വളമെന്ന പേരിൽ കർഷകർക്ക് വിഷമാലിന്യമാണ് നൽകിയത്. കോള കമ്പനി തുടങ്ങി മാസങ്ങൾക്കകം പെരുമാട്ടി പഞ്ചായത്തിൽ കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമായി. തുടർന്നാണ് ശക്തമായ സമരം നടന്നത് .ബ്രൂവറിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കർഷക താൽപ്പര്യം സംരക്ഷിച്ച് ബ്രൂവറിയുമായി മുന്നോട്ട് പോകുമെന്നാണ്.
പാലക്കാട് ജില്ലയിലെ വരൾച്ച കണക്കിലെടുത്ത് 2004 ഫെബ്രുവരി മാസം 17 നു കോള കമ്പനി ഭൂഗർഭ ജലം എടുക്കുന്നത് നിർത്തണമെന്നു എ കെ ആന്റണി സർക്കാർ ഉത്തരവിട്ടു. പിന്നീട് 2004 മാർച്ച് ഒമ്പതിനു കൊക്കോകോള കമ്പനി പ്രവർത്തനം നിർത്തി. ഇതാണ് കൊക്കോളയും എ കെ ആന്റണി സർക്കാരും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം. ഇതേ മാതിരിയാണ് ഇപ്പോൾ പിണറായി സർക്കാരും ഉത്തരേന്ത്യയിലെ കമ്പനിയായ ഒയാസീസിനു മദ്യ നിർമ്മാണ കമ്പനി തുടങ്ങുവാൻ അനുവാദം നൽകിയിട്ടുള്ളത് .
യുഡിഎഫിന്റെ കാലത്ത് കൊക്കോകൊളയും എൽഡിഎഫിന്റെ കാലത്ത് മദ്യ നിർമ്മാണ കമ്പനിയും.കൊക്കോകൊളയ്ക്കെതിരെ എൽഡിഎഫും ഒയാസീസിന്റെ മദ്യനിർമ്മാണ കമ്പനിക്കെതിരെ യുഡിഎഫും രംഗത്ത് എത്തി. ഇതേ പോലെയാണ് സിൽവർ ലൈനിന്റെ കാര്യവും. എക്സ്പ്രസ് വേയും സിൽവർ ലൈനും അതിവേഗത്തിൽ യാത്ര ചെയ്യുവാൻ വേണ്ടിയുള്ള പദ്ധതികളാണ്.എക്സ്പ്രസ് വേ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും എം കെ മുനീർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന 2005 കാലത്താണ് എക്സ്പ്രസ് വേ തുടങ്ങുവാൻ സർക്കാർ തീരുമാനിച്ചത് .അന്ന് ആ പദ്ധതിയെ സിപിഎം പ്രക്ഷേഭം നടത്തി പരാജയപ്പെടുത്തി. സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് കൊണ്ട് വന്നപ്പോൾ കോൺഗ്രസും നേരത്തെ സി പി എം സ്വീകരിച്ച പാത പിന്തുടർന്നു.അതിനാൽ ഇപ്പോഴും സിൽവർ ലൈൻ അഥവ കെ റെയിൽ യാഥാർഥ്യമായിട്ടില്ല .ഇതാണ് കേരളത്തിലെ രാഷ്ട്രീയക്കളികൾ.
Recent Comments