സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് ആണ് ആ സംവിധായകരുടെ കൊച്ചുസിനിമയെക്കുറിച്ച് എന്നോട് ആദ്യം പറയുന്നത്. 3 of Hearts എന്നായിരുന്നു മൂന്ന് ഭാഗങ്ങളുള്ള ആ ആന്തോളജി ചിത്രത്തിന്റെ പേര്. വിവേക് പ്രശാന്തും പ്രണവ് ഗോവിന്ദും സത്യനാരായണനുമാണ് സംവിധായകര്‍. ദി കൊച്ചിന് ക്രൂ എന്നായിരുന്നു അവരുടെ കൂട്ടായ്മയുടെ പേര്. അവരുടെ ആദ്യ സംവിധാന സംരംഭമാണ് ത്രി ഓഫ് ഹേര്‍ട്ട്സ്. സിനിമ വളരെ മനോഹരമായിരുന്നുവെന്നാണ് അനില്‍ അന്ന് പറഞ്ഞത്. തൊട്ടുപിന്നാലെ അതിന്റെ പ്രീമിയര്‍ ഷോ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. കൊച്ചിയിലെ ഡോണ്‍ബോസ്കോ ഇമേജ് സ്റ്റുഡിയോയിലായിരുന്നു സ്ട്രീമിംഗ്. ഷോ കാണാന്‍ നിരവധിപ്പേര്‍ എത്തിയിരുന്നു; താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കൂടാതെ.
സ്റ്റോളന്‍ ഡാന്‍സ്, സൗണ്ട് ഓഫ് സൈലസ്, ടിക്ക് ഓഫ് ദി ക്ലോക്ക് എന്നിങ്ങനെ മൂന്ന് സബ് ടൈറ്റുകളിലായിട്ടാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് ഇരുപത് മിനിറ്റ് ദൈര്‍ഘ്യമേ മൂന്നു ചിത്രങ്ങള്‍ക്കുമായി ഉണ്ടായിരുന്നുള്ളൂ. പ്രണയമായിരുന്നു മൂന്നു സിനിമകളുടെയും കാതല്‍. അത് മൂന്ന് വ്യത്യസ്ത പശ്ചാത്തലത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു ചെറുകഥപോലെ സുന്ദരം. ഒരു വലിയ സിനിമയ്ക്കുള്ള കണ്ടന്റ്, നിമിഷാര്‍ദ്ധത്തിനുള്ളില്‍ പറഞ്ഞു തീര്‍ത്തിരിക്കുന്ന മേക്കിംഗ് ബ്രില്യന്റ് എടുത്തു പറയേണ്ടതാണ്. അതുപോലെതന്നെ അഭിനേതാക്കളുടെ പ്രകടനവും. താരനിരയിലെ സീനിയര്‍ സാന്നിദ്ധ്യം പ്രയാഗ മാര്‍ട്ടിന്റേതാണ്. പിന്നെ, രമ്യ സുവി, ഇഷാന് ഷൗക്കത്ത്, എബ്രി സണ്ണി അന്ത്രപേര്‍, ഫ്രാങ്കോ ഡേവിസ്, പുണ്യ എലിസബത്ത് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സിനിമയെ ചലനാത്മകമായി നിര്‍ത്തുന്നത് അതിലെ വശ്യസുന്ദരമായ സംഗീതമാണ്. ലൂസ് മത്തായി ആണ് സംഗീത സംവിധായകന്. പിന്നെയും നിരവധിപ്പേര്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്. എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. ഇനി ഒരുപക്ഷേ, നാളത്തെ സംവിധായകരും താരങ്ങളും സാങ്കേതിക പ്രവര്ത്തകരാകേണ്ടവര്.
നേരംപോക്ക് എന്ന യൂട്യൂബ് ചാനലിലൂടെ ത്രി ഓഫ് ഹേര്‍ട്ട്സ് സ്ട്രീം ചെയ്തുകഴിഞ്ഞു. വലിയ പ്രേക്ഷക പ്രതികരണമാണ് ഈ ആന്തോളജി ചിത്രത്തിന് ലഭിക്കുന്നത്.
Recent Comments