തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് പ്രതിക്ക് സഹോദരിയോടുള്ള വഴിവിട്ട താല്പര്യങ്ങൾ നടക്കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് മൊഴി. അറസ്റ്റിലായ ഹരികുമാർ സഹോദരിയും കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് ശ്രമിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഹരികുമാർ പൊലീസിനുമൊഴി നൽകി.
പല പ്രശ്നങ്ങളിൽ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിൻറെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോട് ഇയാൾ വഴിവിട്ട താല്പര്യങ്ങൾ കാണിച്ചു തുടങ്ങി. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രീതു ശ്രമിച്ചു. കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമാണെന്ന് കണ്ടതോടെയാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ കുറ്റ സമ്മതം. ശ്രീതുവും ഹരികുമാറും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് അടക്കം ശേഖരിച്ചതിനെത്തുടർന്നുള്ള ചോദ്യം ചെയ്യലിനൊടുവിലായിരുന്നു പ്രതിയുടെ കുറ്റസമ്മതം. എന്നാൽ ഇത് പൊലീസ് പൂർണമായുമം വിശ്വസിച്ചിട്ടില്ല. അമ്മ ശ്രീതുവും സംശയത്തിന്റെ നിഴലിലാണ്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്നും പോലീസ് പറയുന്നു.
ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ ആലോചന. കുഞ്ഞിൻറെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ശേഷം ശ്രീതുവിനെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു കൊന്നത്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് രണ്ടര വയസ്സുകാരിയായ കുട്ടിയെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ തന്നെയാണു നാട്ടുകാരോടു വിവരം പറഞ്ഞത്. കഴിഞ്ഞ ദിവസം കുട്ടിയുടെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനുമുൻപായിരുന്നു സംഭവം.ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗ്നിരക്ഷാസേന ഉള്‍പ്പെടെ എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Recent Comments