സെയ്ദ് മസൂദിനും രംഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസങ്ങളിലാണ് മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ലൂസിഫറില്‍ പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തിന്റെ പേരാണ് സെയ്ദ് മസൂദ്. ആവേശത്തില്‍ നായകനായ ഫഹദ് അവതരിപ്പിച്ച കഥാപാത്രമാണ് രംഗ. ആ പോസ്റ്റിന് കീഴെ നിരവധി കമന്റുകളും അഭ്യൂഹങ്ങളും ഉയര്‍ന്നു. എമ്പുരാനില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യംപോലും ഉയര്‍ന്നു. പക്ഷേ ഈ ഫോട്ടോയുടെ പശ്ചാത്തലം മറ്റൊന്നാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോഹന്‍ലാലിന്റെ കോള്‍ അദ്ദേഹം അനുജതുല്യനായി കാണുന്ന ജേക്കബ്ബ് കെ. ബാബുവിനെ തേടിയെത്തുന്നത്. ബേബി മറൈന്‍ വെഞ്ച്വേഴ്സിന്റെ പ്രസിഡന്റും കോ-ഫൗണ്ടറുമായ കെ.സി. ബാബുവിന്റെ മകനാണ് ജേക്കബ്ബ് കെ. ബാബു. കെ.സി. ബാബുവുമായുള്ള മോഹന്‍ലാലിന്റെ ആത്മബന്ധത്തിനും വര്‍ഷങ്ങളുടെ പഴമയുണ്ട്.
തന്റെ ഒരു സുഹൃത്തിനൊപ്പം വീട്ടിലേയ്ക്ക് വരുന്നുണ്ടെന്ന് പറഞ്ഞാണ് ലാല്‍ ജേക്കബ്ബിനെ ഫോണ്‍ ചെയ്തത്. ലാലും ശ്രീലങ്കയില്‍നിന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തും ജേക്കബ്ബിന്റെ വീട്ടിലെത്തിയതിന് പിന്നാലെ ആകസ്മികമായി പൃഥ്വിരാജും ഫഹദും അവിടേയ്ക്ക് എത്തുകയായിരുന്നു. ഫഹദിനൊപ്പം നസ്രിയയും ഉണ്ടായിരുന്നു.
‘തീര്‍ത്തും അവിചാരിതമായ ഒത്തുചേരല്‍’ എന്നാണ് ഈ കണ്ടുമുട്ടലിനെ ജേക്കബ്ബ് ഒറ്റവാക്കില്‍ വിശേഷിപ്പിച്ചത്.
പൃഥ്വിരാജുമായും ഫഹദുമായും ദീര്‍ഘനാളത്തെ സൗഹൃദം ജേക്കബ്ബിനുണ്ട്.
സിനിമയും പാട്ടും സൗഹൃദങ്ങളുമെല്ലാം അവരുടെ ഒത്തുചേരലില്‍ സംസാരവിഷയമായി. ഗംഭീരമായ ഭക്ഷണവും കഴിച്ചിട്ടാണ് ആ ‘വിശിഷ്ടാതിഥികള്‍’ ജേക്കബ്ബിന്റെ വീട്ടില്‍നിന്നും മടങ്ങിയത്. ബാബു മറൈന്‍ വെഞ്ച്വേഴ്സിന്റെ സിഇഒ കൂടിയാണ് ജേക്കബ്ബ് കെ. ബാബു.
Recent Comments