അപരിചിതരായ സത്രീകള്‍ക്ക് രാത്രി സമയങ്ങളില്‍ വാട്സ് ആപ്പ് സന്ദേശം അയക്കുന്ന പുരുഷന്മാർക്ക് മുന്നറിയിപ്പുമായി മുംബൈ ഹൈക്കോടതി. ’നീ മെലിഞ്ഞവളാണ്, മിടുക്കിയാണ്, പ്രസന്നയാണ്, നിന്നെ എനിക്ക് ഇഷ്ടമാണ്’ എന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വാട്സാപ്പിലൂടെയും മറ്റും അയക്കുന്നത് അവരുടെ മാന്യതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് മുംബൈ സെഷന്‍സ് കോടതി. മുന്‍ മുനിസിപ്പില്‍ അംഗമായ സ്ത്രീയ്ക്ക് വാട്സ് ആപ്പില്‍ അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന സന്ദേശം അയച്ചയാള്‍ക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷ പരിഗണിക്കവെയായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ജി ധോബ്ലേയുടെ പരാമര്‍ശം.
2016 ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11 മണിക്കും 12:30 നുമിടയില്‍ അയച്ച വാട്സാപ്പ് മെസേജുകളില്‍ പരാതിക്കാരിയുടെ ബാഹ്യ സൗന്ദര്യത്തെ പറ്റിയും വിവാഹവസ്ഥയെ പറ്റിയും തുടര്‍ച്ചയായി ഇയാള്‍ അശ്ലീല ചുവയോടെ ആവര്‍ത്തിച്ച് ചോദിച്ചതായി കോടതി കണ്ടെത്തി. പ്രശസ്തയും മുന്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് അംഗവും വിവാഹിതയുമായ ഒരു സ്ത്രീ ഇത്തരം വാട്സ് ആപ്പ് സ്ന്ദേശങ്ങളോ അശ്ലീല ഫോട്ടോകളോ സഹിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർ അന്വേഷണത്തിൽ പരാതിക്കാരിയും യുവാവും തമ്മില്‍ മറ്റുബന്ധങ്ങളൊന്നും നിലനിന്നിരുന്നില്ലെന്നും കോടതി കണ്ടെത്തി.
ഇത് പ്രകാരം 2022ല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേയ്ക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ പകപ്പോക്കലാണെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഇയാളുടെ വാദം കോടതി തള്ളുകയായിരുന്നു.
വ്യാജ കേസില്‍ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ലെന്നും, പ്രതി സ്ത്രീക്ക് അശ്ലീല വാട്സ് ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷന് തെളിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷന്‍സ് ജഡ്ജി ഡി ജി ധോബ്ലേ ചൂണ്ടിക്കാട്ടി.
Recent Comments