കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം തേടാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തുമുതല്‍ പകല്‍ രണ്ടുവരെയാണ് ഓണ്‍ലൈന്‍ സൗകര്യം. ഇതിനായി keralartc.comല്‍ ഓണ്‍ലൈന്‍ മെഡിക്കല്‍ കണ്സള്ട്ടേഷന് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് എടുക്കാം.
ഓരോ അരമണിക്കൂര്‍ ഇടവിട്ടാണ് സ്ലോട്ടുകള്‍. എല്ലാവിഭാഗം ജീവനക്കാര്‍ക്കും സൗകര്യം ഉപയോഗിക്കാം. ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം മന്ത്രി കെ ബി ഗണേഷ്കുമാര് ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗം, കാന്‍സര്‍ എന്നീ രോഗങ്ങളും മാനസിക സമ്മര്‍ദവും ജീവനക്കാരുടെ ഇടയില്‍ കൂടുതലാണെന്ന് മന്ത്രി പറഞ്ഞു.
61 ജീവനക്കാരാണ് ജോലിക്കിടയില്‍ മരിച്ചത്. ഈ സാഹചര്യത്തിലാണ് ഡ്യൂട്ടിക്കിടയിലെ ഇടവേളയില്‍ ജീവനക്കാര്‍ക്ക് ഡോക്ടറുടെ സേവനം നല്കാന് തീരുമാനിച്ചത്. തുടര്‍ ചികിത്സ ആവശ്യമാണെങ്കില്‍ ഡോക്ടര്‍ നിര്‍ദേശിക്കും. ഇതിന് മാനേജ്മെന്റിന്റെ ഇടപെടല്‍ ആവശ്യമാണെങ്കില്‍ അത് ഉണ്ടാകും. കെഎസ്ആര്‍ടിസിയില്‍ മെഡിക്കല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ സേവനമാണ് ലഭ്യമാക്കുന്നത്. കാരുണ്യ പദ്ധതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. രാജീവ്ഗാന്ധി ബയോടെക്നോളജി മിഷനുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് ലാബ് പരിശോധനകള്‍ നല്‍കുന്നതിനുള്ള ആലോചനയുമുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു.
Recent Comments