റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സിനിമയുടെ ട്രെയ്ലർ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. ഇപ്പോഴിതാ എമ്പുരാന്റെ ട്രെയ്ലർ ആദ്യം കണ്ടിരിക്കുന്നത് സൂപ്പർ സ്റ്റാർ രജനികാന്ത് ആണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. രജനികാന്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ട്രെയ്ലർ കണ്ടതിനുശേഷം നിങ്ങൾ പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കും! അത് എനിക്ക് മറക്കാൻ സാധിക്കില്ല! ലോകം കീഴടക്കിയ സന്തോഷമുണ്ട്. രജനികാന്തിന്റെ കടുത്ത ആരാധകനാണ് ഞാൻ.ഇതോരു ഫാൻബോയ് മൊമെന്റ് ആണ്“ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഇന്ന് വൈകിട്ട് 6 മണിക്ക് ചിത്രത്തിന്റേതായി അപ്ഡേറ്റ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇത് ട്രെയ്ലർ അപ്ഡേറ്റ് ആയിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി -അബ്രാം /സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
Recent Comments