തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യ്ക്ക് സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ ജിംഷി ഖാലിദിനെക്കുറിച്ച് പറയുകയാണ് അഭിനേതാക്കളായ ഗണപതിയും നസ്ലനും.
മഞ്ഞുമ്മല്‍ ബോയ്സിന്റെയും പ്രേമലുവിന്റേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പറഞ്ഞ് തന്നേയും നസ്ലനേയും ജിംഷി കളിയാക്കാറുണ്ട്. ജിംഷിക്ക ക്യാമറയൊക്കെ സെറ്റ് ചെയ്തിട്ട്, ഷോട്ട് റെഡി ആ നൂറ് കോടിയും നൂറ്റമ്പത് കോടിയുമൊക്കെ ഇങ്ങോട്ട് വര്വോ എന്നാണ് പറയുന്നത്. ഗണപതി പറഞ്ഞു.
തന്നെ ഹീറോ എന്ന് വിളിച്ചാണ് ട്രോളുന്നത്, പുള്ളി തെലുഗു സിനിമയൊക്കെ ചെയ്തിട്ടുണ്ടല്ലോ, അവിടെ നായകന്മാരെ ഹീറോ എന്നാണ് വിളിക്കുക, ഹീറോ വന്ന് നില്ക്കൂ എന്നാണ് പറയുക. അപ്പോള്‍ ജിംഷിക്ക ഈ കഥ പറഞ്ഞ ശേഷം എന്നെ മൈക്കില്‍ വിളിക്കുക ഹീറോ എന്നാണ്. ഹീറോ വന്ന് നിൽക്കൂ എന്ന് പറയും’ നസ്ലെന് പറഞ്ഞു.
ഏപ്രിൽ 10ന് വിഷു റിലീസായി ആലപ്പുഴ ജിംഖാന തിയേറ്ററിലെത്തും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഖാലിദ് റഹ്മാൻ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്.
Recent Comments