പല പ്രതിസന്ധികൾ തരണം ചെയ്താണ് ട്രാൻസ്വ്യക്തികൾ സമൂഹത്തിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തുന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന വിഭാഗങ്ങളിൽ ഒരാളായി അവർ നിലകൊള്ളുന്നു. എങ്കിലും അവരിൽ പലരും സ്വന്തം കഴിവുകൾ തെളിയിച്ച് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. അത്തരത്തിലാണ് നാദിറ മെഹറിൻ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. സൗദിയിൽ നടന്ന വിവാദവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് കാൻ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയാണ് നാദിറ മെഹറിൻ.
”മരണമാസ്” എന്ന മലയാള സിനിമയുടെ ഒരു ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇത്രയും വലിയ കൊമേഴ്ഷ്യൽ കാസ്റ്റ് ആൻഡ് ക്രൂ ഉള്ള സിനിമയിൽ, എന്നെ പോലെയുള്ള ഒരു സ്ട്രഗ്ലിങ് സ്റ്റേജിൽ നിൽക്കുന്ന ആർട്ടിസ്റ്റിനെ സംബന്ധിച്ച് അത്തരം ഒരു റോൾ ചെയ്യാൻ പറ്റുക എന്നത് വലിയ ഭാഗ്യമാണ്. പ്രത്യേകിച്ച് അഭിനയത്തിൽ താൽപര്യപ്പെടുന്ന ഒരു തീയറ്റർ വിദ്യാർത്ഥി എന്ന നിലയിൽ. അതിനാൽ ആ സിനിമയിലേക്ക് എന്നെ വിളിച്ച സംവിധായകനും, സ്ക്രിപ്റ്റ് റൈറ്ററിനും, മറ്റുള്ളവർക്കും ഞാൻ നന്ദി പറയുകയാണ്. ഒരു പക്ഷെ അവർക്ക് ഒരു സാധാരണ സ്ത്രീ കഥാപാത്രത്തെ വച്ച് ആ റോൾ ചെയിക്കാമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ ഇത് ഇത്ര വലിയ ചർച്ചകളിലേക്ക് പോകാതെ സിനിമ പ്രദർശനം തുടർന്നിരുന്നേനെ.
ട്രാൻസ്ജെൻഡർ വ്യക്തിയാണിതിൽ ഉള്ളത് എന്ന് എവിടെയും പരാമർശിക്കുന്നില്ല. അവർക്കും ഇതുപോലെയുള്ള തൊഴിൽ ഇടങ്ങൾ സാധ്യമാണ് എന്നാണ് സിനിമ തെളിയിക്കുന്നത്. അവരും ഇത്തരം തൊഴിൽ മേഖലയിൽ സജീവമായി നിൽക്കുന്നവരാണ് എന്നും, നമുക്ക് ചുറ്റുമുള്ള സമൂഹത്തിൽ ഇവരും ഉണ്ടെന്ന സന്ദേശമാണ് സിനിമ നൽകുന്നത്.
ക്വിയർ വ്യക്തികൾ അഭിനയിച്ച സിനിമകൾ പരിശോധിക്കുകയാണെങ്കിൽ അവർ എപ്പോഴും അഭിനയിക്കുന്ന കഥാപാത്രങ്ങൾ ക്വിയർ കഥാപാത്രങ്ങൾ ആയിരിക്കും. പക്ഷെ അതിൽ നിന്ന് വിപരീതമായ ഒരു കഥാപാത്രമായി നാദിറ മെഹറിൻ എത്തി എന്ന് പബ്ലിക് പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ബിഗ് ബോസ് പോലെയുള്ള വലിയ പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ ആഗ്രഹിച്ചു എത്തിയ നാദിറയെ സംബന്ധിച്ചു, ഇത് വലിയ സന്തോഷം നൽകുന്ന ഒന്നാണ്.
സൗദി വിഷയത്തിലേക്ക് വരുമ്പോൾ, അവിടത്തെ നിയമങ്ങൾ എന്താണ് എന്ന് നമുക്ക് വളരെ കൃത്യമായി അറിയാം. അവിടത്തെ നിയമവുമായി നമുക്ക് ഒരിക്കലും ഫൈറ്റ് ചെയ്യാൻ സാധിക്കില്ല. കാരണം അവിടത്തെ പല നിയമങ്ങളെയും കയ്യടിയോടെ സ്വീകരിക്കുന്ന മനുഷ്യരിൽ ഒരാളാണ് ഞാനും.
പക്ഷേ ഇത്തരത്തിൽ ഒരു തൊഴിൽ എടുക്കാൻ ആഗ്രഹിച്ചു തന്റെ കൂടെയുള്ള സഹപ്രവർത്തകരുമായിട്ട് അസോസിയേറ്റ് ചെയ്ത് ഒരു സിനിമയിലേക്ക് എത്തുമ്പോൾ, ഇത്തരത്തിലുള്ള ഒരു കാരണം പറഞ്ഞു ഒഴിവാക്കുന്നത് ഒരു വ്യക്തിയോട് കാണിക്കുന്ന അനീതി തന്നെയാണ്. അത്തരം അനീതികൾ ഭാവിയിൽ മാറുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കാരണം മാന്യമായി തൊഴിൽ എടുത്തു ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ് അവിടെ ചോദ്യം ചെയ്തത് എന്നുള്ളതാണ്.
സൗദിപോലുള്ള രാജ്യങ്ങളിൽ നമുക്ക് ഒരുതരത്തിലും ഫൈറ്റ് ചെയ്ത് നിൽക്കാൻ സാധ്യമല്ല. നമ്മുടെ വിമർശനം വേണമെങ്കിൽ കൃത്യമായി രേഖപ്പെടുത്തി, നാം ഇരിക്കുന്ന ഇടങ്ങളിൽ സംസാരിക്കാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.
ഞാൻ അഭിനയിച്ചതിന്റെ പേരിൽ ആ സിനിമ ഒഴിവാക്കി എന്ന് അറിഞ്ഞതിൽ സങ്കടമുണ്ട്. ഞാൻ അഭിനയിച്ച സീനുകൾ ഒഴിവാക്കിയാണെങ്കിലും ആ സിനിമ പ്രദർശിപ്പിക്കാമായിരുന്നു. അതിന് വേണ്ടി സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ വലിയ സന്തോഷം. സൗദി ഭാവിയിൽ എപ്പോഴെങ്കിലും മാറി ചിന്തിക്കുമെന്ന് വിശ്വസിക്കുന്നു. മാറ്റങ്ങൾ എല്ലാം സംഭവിക്കുന്നത് വളരെ പതുക്കെയാണ് എന്ന് നമുക്ക് അറിയാം.
വളരെ അഭിമാനത്തോടുകൂടി എനിക്ക് പറയാനുള്ള മറ്റൊരു കാര്യം എന്തെന്നാൽ, ഇത്തരത്തിൽ ഒരു വിഷയം ഉണ്ടായപ്പോഴും എന്റെ കൂടെ ആ സിനിമയുടെ ഭാഗമായ ടോവിനോ, ബേസിൽ, ശിവ പ്രസാദ്, സിജു സണ്ണി തുടങ്ങിയവർ എന്നെ ചേർത്ത് പിടിക്കുകയാണ് ചെയ്തത്. ഇവരുടെ പേര് എടുത്തു പറയാൻ കാരണം കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ കൂടെയായിരുന്നു എന്റെ യാത്രകളും മറ്റും. അവർ അവരുടെ നിലപാടുകൾ വളരെ കൃത്യമായി വ്യക്തമാക്കുന്നവരാണ്. “ഞങ്ങൾക്ക് ആർക്കും അതൊരു പ്രശ്നമല്ല, അത് ഒരു രാജ്യത്തിന്റെ നിയമം മാത്രമാകുന്നു” എന്നാണ് ടോവിനോ പ്രസ് മീറ്റിൽ അടക്കം പറഞ്ഞത്.
അതുകൊണ്ടുതന്നെ, വളരെ സന്തോഷവും ആ സന്തോഷത്തിലേറെ അഭിമാനവും ആണ് അത്തരത്തിലുള്ള ഒരു ടീമിന്റെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ. കൂടെ പ്രവർത്തിച്ച സഹപ്രവർത്തകയ്ക്ക് ഇത്തരത്തിലുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അവർ കൃത്യമായി ഇടപെടുകയും എന്നെ അവരോടൊപ്പം തന്നെ ചേർത്തുപിടിക്കുകയും ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമയിൽ കിട്ടുന്ന നേട്ടങ്ങളിൽ ഒന്നാണ് ഇതും.”
-വർഷ ഗംഗാധരൻ
Recent Comments