താരപ്രൗഡിയൊന്നും ഇല്ലാത്തതുകൊണ്ടാവാം ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയവസാനിച്ചത് അധികമാരുമൊന്നും അറിഞ്ഞില്ല. അങ്ങനെ ആരും അറിയാതെ പോകുന്ന ഒരു സിനിമയായി അത് മാറരുതെന്ന് ഞങ്ങള്‍ക്കും നിര്‍ബ്ബന്ധമുണ്ട്. കാരണം അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരാണ്.
സംവിധായകന് ജോഷിജോണിന്റെ കാര്യം തന്നെ എടുക്കാം. ആരുടെയും കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ച പ്രവര്‍ത്തനപാരമ്പര്യം ഒന്നുംമില്ല. എന്നാല്‍ പല ഇന്സ്റ്റിറ്റ്യൂട്ടുകളില്നിന്നായി സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും ആഴത്തില്‍ പഠിച്ചിറങ്ങി ചെറുപ്പാകാരനാണ്. അയാളുടെ ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു ഒരു സിനിമ. അതിനുവേണ്ടി ഒരു തിരക്കഥയെഴുതി. സ്വന്തം നാട്ടില്‍ അയാള്‍ക്ക് ഏറെ ചിരപരിചിതമായ കിളിത്തട്ടുകളിയുടെ പശ്ചാത്തലത്തില്‍ എഴുതിയ ഒരു പ്രണയകഥയായിരുന്നു അത്. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അയാള്‍ അനുഭവിച്ചതും കണ്ടിട്ടുള്ളതുമായ സംഭവങ്ങളിലൂടെയൊക്കെ തിരക്കഥ ചുറ്റിത്തിരിയുന്നുണ്ട്.
താരനിരക്കാരേറെയും സ്കൂള്‍ വിദ്യാര്‍ത്ഥികളായതിനാല്‍ കേരളത്തില്‍ പലയിടങ്ങളിലായി ഓഡിഷന് നടത്തി. കുറേ കഥാപാത്രങ്ങളെ തെരഞ്ഞെടുത്തു. പക്ഷേ മനസ്സിനിണങ്ങിയ നായികയെമാത്രം കണ്ടുകിട്ടിയില്ല.
അപ്പോഴാണ് പണ്ടെപ്പോഴോ ഒരു ടിക്ക്ടോക്ക് ഷോയില്‍ അയാള്‍ കണ്ട സുന്ദരിയുടെ ചിത്രം മുന്നിലെത്തുന്നത്. തന്റെ സുഹൃത്തുകൂടിയായ ഷാജു ശ്രീധരിന്റെ മകളായിരുന്നു അവള്. ഷാജുവിനോട് കാര്യം പറഞ്ഞു. കഥ ഇഷ്ടപ്പെട്ടാല്മാത്രം ചെയ്യുമെന്നൊരു കണ്ടീഷനാണ് ഷാജു മുന്നോട്ട് വച്ചത്. വായിച്ചു കേട്ടപ്പോള്‍ പിന്നെ സമ്മതിക്കാതെ തരമില്ലായിരുന്നു.
ക്യാമറയ്ക്കുമുന്നില്‍ അവളുടെ പ്രകടനം കണ്ടിട്ട് ജോഷിജോണിനും സംശയമുണ്ടായില്ല. അവള് നാളത്തെ നായികയാണ്. അച്ഛന്റെയും അമ്മയുടെയും യഥാര്‍ത്ഥ പിന്തുടര്ച്ചക്കാരി.
താരങ്ങളെ കണ്ടെത്താന്‍ പ്രയാസപ്പെട്ടതിനേക്കാള് വേഗത്തില്‍ ജോഷിജോണ്‍ സിനിമ പൂര്‍ത്തിയാക്കി. താരനിരക്കാര്‍ ഏറെയും പുതുമുഖങ്ങളായിരുന്നുവെന്ന് പറഞ്ഞല്ലോ. എന്നാല്‍ അവരെ പിന്തുണയ്ക്കാന്‍ ചില പരിചയസമ്പന്നരും എത്തി. അക്കൂട്ടത്തില്‍ സലീംകുമാറും കോട്ടയം നസീറും ചെമ്പില്‍ അശോകനും ഷാജു ശ്രീധറുമൊക്കെയുണ്ടായിരുന്നു. ആ കൂട്ടായ്മയ്ക്ക് ഒരു മൂല്യമുണ്ടെന്നറിഞ്ഞപ്പോള് അവരെ പ്രൊമോട്ട് ചെയ്യാന്‍ താരങ്ങളും സംവിധായകരുമടക്കം ഒരു വലിയനിരതന്നെ മുന്നോട്ട് വന്നു. അതിന്റെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവരെല്ലാം ചേര്‍ന്ന് പുറത്തിറക്കിയത്.
ചിത്രത്തിന്റെ പേര് STD XE 99 BATCH. താരദമ്പതികളായാ ഷാജു ശ്രീധറിന്റെയും ചാന്ദിനിയുടെയും മകള്‍ നന്ദന ഷാജു നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം. നോയല്‍ ഗീവര്‍ഗീസാണ് നന്ദനയുടെ ജോഡിയായി എത്തുന്നത്. അനീഷ് സുബ്രഹ്മണ്യം, സുജിത് സുനില്‍, കിച്ചു ടെല്ലസ്, ബിറ്റോ ഡേവിസ്, ചിന്നു കുരുവിള, രാധിക രാജന്, ലിന്‍ഡ ജോളി, ഡാവിഞ്ചി തുടങ്ങിയവരും ഇതില്‍ അഭിനയിക്കുന്നു.
മിനിമാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനിമാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
For More Pictures : CLICK HERE
Recent Comments