മലയാളത്തിലെ മറ്റൊരു ആന്തോളജി ചിത്രമായ ആണുംപെണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. മൂന്ന് സംവിധായകര്‍ ചെയ്യുന്ന മൂന്ന് സിനിമ. അതാണ് ആണും പെണ്ണും. വേണുവും ആഷിക്ക് അബുവും ജെയ് കെയുമാണ് സംവിധായകര്‍. ആഷിക്കിനുവേണ്ടി ഉണ്ണി ആറും ജെയ് കെയ്ക്കുവേണ്ടി സന്തോഷ് ഏച്ചിക്കാനവുമാണ് എഴുതുന്നതെങ്കില്‍ വേണു ഉറൂബിന്റെ പ്രശസ്തമായ രാച്ചിയമ്മ എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തമായി തെരഞ്ഞെടുത്തിരിക്കുന്നത്. സി.കെ. പത്മകുമാറും ദിലീപ് കുമാറും ചേര്‍ന്നാണ് ഈ ആന്തോളജി ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ സിനിമയെക്കുറിച്ച് വേണു സംസാരിക്കുന്നു.
ആണും പെണ്ണും- സിനിമയ്ക്ക് പൊതുവായുള്ള പേരാണോ, അതോ ഓരോ സിനിമയ്ക്കും പ്രത്യേകം ടൈറ്റിലുണ്ടോ?
ഓരോ സിനിമയ്ക്കും ഓരോ പേരുകളാണുള്ളത്. എന്റെ സിനിമയുടെ പേര് രാച്ചിയമ്മ.
മൂന്നു സിനിമകളേയും ബന്ധിപ്പിക്കുന്ന പൊതുഘടകം എന്താണ്?
സ്ത്രീപുരുഷ ബന്ധങ്ങളുടെ കഥയാണ് മൂന്നു സിനിമകളും പറയുന്നത്. അതുപക്ഷേ മൂന്നു കാലഘട്ടത്തിലുള്ളതാണെന്നുമാത്രം.
ഉറൂബിന്റെ പ്രശസ്തമായ ചെറുകഥയാണ് രാച്ചിയമ്മ. അത് സിനിമയാക്കാനുള്ള പ്രചോദനം എന്തായിരുന്നു?
പല കഥകളും തിരഞ്ഞിരുന്നു. സിനിമയുടെ പൊതുപ്രമേയത്തിന് ഏറ്റവും അനുയോജ്യമെന്ന് തോന്നിയതുകൊണ്ടാണ് രാച്ചിയമ്മയെ തന്നെ തെരഞ്ഞെടുത്തത്.
രാച്ചിയമ്മയിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആരൊക്കെയാണ്?
ആസിഫ് അലിയും പാര്‍വ്വതി തിരുവോത്തും. കോട്ടയം രമേഷും ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു. അധികം കഥാപാത്രങ്ങളൊന്നുമില്ല. ഉള്ളവരെല്ലാം പുതുമുഖങ്ങളാണ്.
ഷൂട്ടിംഗ് കഴിഞ്ഞോ?
ഒരുവര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. കൊറോണയെത്തുടര്‍ന്ന് റിലീസ് ചെയ്യാന്‍ വൈകുകയായിരുന്നു. ഇപ്പോഴും എന്ന് പ്രദര്‍ശനത്തിനെത്തിക്കും എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. തിയേറ്ററുകള്‍ തുറന്നെങ്കിലും അത്ര സജീവമല്ലല്ലോ. അതിന്റെ ആശയക്കുഴപ്പങ്ങളുണ്ട്.
ഇതിന്റെ തിരക്കഥാകൃത്തും താങ്കള്‍ തന്നെയാണോ?
അതെ, സംഭാഷണങ്ങള്‍ അധികവും ചെറുകഥയില്‍നിന്ന് എടുത്തിട്ടുള്ളതാണ്. അത്യാവശ്യം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നുമാത്രം.
ക്യാമറമാനോ?
അതും ഞാന്‍ തന്നെയായിരുന്നു.
ലൊക്കേഷന്‍?
വാഗമണ്‍. എട്ടുദിവസംകൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. സിനിമ മൊത്തത്തില്‍ 98 മിനിറ്റേയുള്ളൂ. ഏതാണ്ട് അരമണിക്കൂര്‍ വീതമുള്ളതാണ് ഓരോ സിനിമകളും.
Recent Comments